BC 67-ൽ റോമൻ ജെനെറൽ ആയിരുന്ന പോമ്പി പോണ്ടസിലെ (കരിങ്കടലിന്റെ തീരത്തുള്ള ഇന്നത്തെ തുർക്കിയുടെ ഭാഗങ്ങൾ) രാജാവായിരുന്ന മിത്രിഡാറ്റസുമായി യുദ്ധത്തിലായിരുന്നു. റോമാ സാമ്രാജ്യം കണ്ട എക്കാലത്തെയും മികച്ച സൈനിക നേതാക്കളിൽ ഒരാളായിരുന്നു പോമ്പി. അദ്ദേഹം നേരിട്ട് നയിച്ചിരുന്ന റോമൻ ലീജിയൻ ആകട്ടെ അക്കാലത്തെ ഏറ്റവും മികച്ചതും യുദ്ധപരിചയമുള്ളതും ഏറ്റവും മികച്ച ആയുധങ്ങൾ ഉപയോഗിക്കുന്നവരുമായിരുന്നു. റോമാ സാമ്രാജ്യത്തിനെതിരെ തന്റെ സേനയ്ക്ക് യാതൊരു സാധ്യതയും ഉണ്ടാവില്ലെന്ന് മിത്രിഡാറ്റസി-നറിയാമായിരുന്നു, രണ്ടു സേനകളും തമ്മിൽ ട്രബസോണിൽ വച്ച് ഏറ്റു-മുട്ടുകയും റോമൻ സേനയോട്പിടിച്ചു നിൽക്കാൻ ആകാതെ മിത്രിഡാറ്റസിന്റെ സൈന്യം പിന്തിരിഞ്ഞോടുകയും ചെയ്തു. എന്നാൽ യുദ്ധഭൂമിയിൽ കണ്ട ഒരു കാഴ്ച മിത്രിഡാറ്റസിന്റെ സേനയെ പിന്തുടരുന്നതിൽ നിന്ന് സൈന്യത്തെ തടഞ്ഞു. നൂറ് കണക്കിന് ഭരണികളിൽ യുദ്ധഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ധാരാളം തേൻ അവർ കണ്ടെത്തുകയുണ്ടായി. വിഷം കലർത്തിയ കെണിയല്ലെന്ന് ബോധ്യപ്പെട്ടതോടെ റോമൻ സൈന്യം തേൻ കുടിക്കാൻ ആരംഭിച്ചു (അക്കാലത്ത് തേൻ സമ്പന്നർ മാത്രം ആസ്വദിച്ചിരുന്ന ഒരു അപൂർവ വസ്തു ആയിരുന്നു).
വിഷം കലർത്തിയിരുന്നില്ലെങ്കിലും ഈ തേൻ കുടങ്ങൾ മിത്രിഡാറ്റസിന്റെ ഒരു കെണി-യായിരുന്നു. റോഡോഡെണ്ട്രോണ് (Rhododendron) സ്പീഷീസിൽ (ഡാര്ജിലിംഗിലും വെസ്റ്റ് ബെന്ഗാളിലും നേപാളിലുമൊക്കെ ഗുരാസ് എന്നറിയപ്പെടുന്ന പൂക്കൾ. ഇതില് Rhododendron arboreum (നേപ്പാളിന്റെ ദേശീയ പുഷ്പം ആണ് ) പെട്ട ചെടികൾ (Rhododendron ponticum and Rhododendron luteum) ധാരാളമായി വളർന്നിരുന്ന സ്ഥലമായിരുന്നു
ട്രബസോണ്. ഈ ചെടിയുടെ പൂക്കളിൽ വളരെ ഉയർന്ന തോതിൽ ഗ്രയാനോടോക്സിൻ (grayanotoxin) എന്ന ഒരു രാസവസ്തു അടങ്ങിയിട്ടുണ്ട്, ഇത് മനുഷ്യ ശരീരത്തിനുള്ളിൽ ചെന്നാൽ കഴിക്കുന്നയാൾക്ക് വിഭ്രാന്തി അനുഭവപ്പെടും. തേനീച്ചകൾ ഈ പൂക്കളിൽ നിന്ന് പൂമ്പൊടി ശേഖരിക്കു-കയും പിന്നീട് തേൻ ഉണ്ടാക്കുമ്പോൾ ഗ്രയാനോടോക്സിൻ തേനിൽ കലരു-കയും ചെയ്യും. ഈ തേൻ “മാഡ് ഹണി” എന്ന പേരിലാണ് അറിയപ്പെടുന്നത് തന്നെ. ഉയർന്ന അളവിൽ ഈ തേൻ കഴിച്ചാൽ കോമയും തുടർന്ന് മരണവും സംഭവിക്കാം. മാഡ് ഹണിയുടെ ഗുണഗണങ്ങളെപ്പറ്റി പുരാതന തുർക്കി നിവാസികൾക്ക് അറിവുണ്ടായിരുന്നു. അവർ അത് ഒരു എക്സ്ട്രാ കിക്ക് കിട്ടാനായി വീഞ്ഞിൽ കലർത്തുകയും ലൈംഗിക ഉത്തേജന ഔഷധമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. അരിസ്റ്റൊറ്റിലും പ്ലിനിയും സ്ട്രാബോയും ഉൾപ്പടെയുള്ള പുരാതന ഗ്രീക്ക് റോമൻ തത്വചിന്തകരും ചരിത്രകാരൻമാരും മാഡ് ഹണി കഴിച്ചതിന് ശേഷമുള്ള തങ്ങളുടെ അനുഭവങ്ങൾ രേഖപ്പെടു-ത്തിയിട്ടുണ്ട്. ഈ തേൻ കുടിച്ച് ഉന്മത്തരായ റോമൻ സൈന്യം ലക്ക് കെട്ട് യുദ്ധക്കളത്തിലൂടെ അലയുകയും തിരിച്ചെത്തിയ മിത്രിഡാറ്റസിന്റെ സൈന്യം റോമൻ സേനയെ കൂട്ടക്കൊല നടത്തുകയും ചെയ്തു. മിത്രിഡാറ്റ-സിന് ഇത് ഒരു മഹാവിജയവും പോമ്പിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ നാണക്കേടുമായിപ്പോയി ഈ സംഭവം. എന്തായാലും ഏതാനം വർഷങ്ങൾക്കുള്ളിൽ ഒരു മഹാസൈന്യവുമായി തിരിച്ചെത്തിയ പോമ്പി മിത്രിഡാറ്റസിനെ പരാജയപ്പെടുത്തുകയും പോണ്ടസ് എന്ന രാജ്യം കുളം തോണ്ടുകയും ചെയ്തു. BC 63-ൽ മിത്രിഡാറ്റസ് ആത്മഹത്യ ചെയ്തു. പിന്നീട് പോമ്പി റോമാ ചരിത്രത്തിലെ ഏറ്റവും അധികം ആഘോഷിക്കപ്പെട്ട സൈന്യാധിപരിൽ ഒരാളായി മാറി. പോമ്പി ദി ഗ്രേറ്റ് എന്നറിയപ്പെടുകയും ചെയ്തു. BC49-ൽ റോമിന് വേണ്ടി സാക്ഷാൽ ജൂലിയസ് സീസറിനെതിരെ യുദ്ധം ചെയ്യാനായി പോമ്പി വിളിക്കപ്പെടുകയും ആ യുദ്ധത്തിൽ പോമ്പിയെ പരാജയപ്പെടുത്തി സീസർ റോമിന്റെ ഏകാധിപതി ആയിത്തീരുകയും ചെയ്തു. BC 48-ൽ ഈജിപ്തിൽ വച്ച് അനുയായികൾ തന്നെ പോമ്പിയെ ചതിക്കുകയും കുത്തികൊലപ്പെടുത്തുകയും ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ