Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

എഴുത്തും വരയും: പള്ളിക്കോണം രാജീവ്

1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി.



സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്തിക്കാർ, കഴകക്കാർ, മാരന്മാർ മറ്റും അമ്പലവാസികൾ, സംഭവസമയത്ത് ക്ഷേത്രസങ്കേതത്തിലും പുറത്തുമുണ്ടായിരുന്ന മറ്റുള്ളവർ എന്നിങ്ങനെ മുപ്പതോളം പേരെ സാക്ഷികളായി വിസ്തരിച്ചു. സാക്ഷികൾ എല്ലാവരും പണിക്കർക്കെതിരായി മൊഴി കൊടുത്തു.
 
ക്ഷേത്രമതിലിന് പുറത്ത് ഈഴവർക്ക് സഞ്ചരിക്കാനുള്ള അവകാശമുണ്ടെന്ന് പ്രമാണമുണ്ടെന്നും ആ വഴിയിലൂടെ മന:പൂർവ്വം പോയതല്ല, കുതിര വിരണ്ട് അതുവഴി ഓടിപ്പോയതാണെന്നും ആ സമയത്ത് അശുദ്ധമാക്കപ്പെടാനായി ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ ആരെയും കണ്ടിരുന്നില്ലെന്നും പണിക്കർ തൻ്റെ വിസ്താരവേളയിൽ മൊഴി നൽകി. വലിയ മതിൽക്കെട്ടുള്ള ചില ക്ഷേത്രങ്ങളിൽ പുറംവഴിയിലൂടെ ഈഴവർ സഞ്ചരിച്ചാൽ അശുദ്ധി ഉണ്ടാവില്ല എങ്കിലും തിരുനക്കര ക്ഷേത്രത്തിൽ മതിലിനുള്ളിൽ ആളില്ലാത്ത സമയത്തായാൽ പോലും അശുദ്ധിയാകുമെന്നാണ് പഴയ തീണ്ടൽദൂരക്കണക്കുകൾ ഉദ്ധരിച്ച് ക്ഷേത്രംതന്ത്രി മറുവാദമുന്നയിച്ചത്.
ക്ഷേത്രപരിസരത്തുകൂടി സഞ്ചരിക്കാൻ ഈഴവരെ വിലക്കി മുൻകാലത്തെങ്ങോ ഉണ്ടായ ഉത്തരവ് നിലവിലുണ്ടെന്ന വാദം പരിഗണിച്ച് സാക്ഷിമൊഴികളും പ്രതിയുടെ മൊഴി തന്നെയും പ്രതി കുറ്റം ചെയ്തു എന്നു വ്യക്തമാക്കുന്നതായി തഹസിൽദാരുടെ വിധി വന്നു. ശിക്ഷയായി വലിയൊരു തുക ഇടനാട്ടുതറപ്പണിക്കരിൽ നിന്ന് ഈടാക്കിയതായി പഴയ തലമുറയിലുള്ളവർ പറയുന്നു.

സമ്പന്നതയിലും ആഭിജാത്യത്തിലും അഭിരമിച്ചിരുന്ന നാരായണപ്പണിക്കർ നിയമലംഘനം നടത്തിയത് മന:പ്പൂർവ്വമായിരുന്നുവെന്നും അതിനുണ്ടാകാവുന്ന ഭവിഷ്യത്തുക്കൾ തനിക്ക് രാജസന്നിധിയിൽ പോലുമുണ്ടായിരുന്ന സ്വാധീനമുപയോഗിച്ച് മറികടക്കാമെന്നുമാണ് കരുതിയിരുന്നത്. അത് അക്കാലത്ത് അയിത്തമെന്ന ദുരാചാരത്തിനെതിരെയുള്ള വെല്ലുവിളി കൂടിയായിരുന്നു. എന്നാൽ പണിക്കർക്ക് ഒരിടത്തു നിന്നും ശക്തമായ പിന്തുണ ലഭിക്കാതെ പോയതിനാൽ നിയമത്തിന് കീഴടങ്ങേണ്ടി വന്നു എന്നതാണ് വസ്തുത.
കോട്ടയത്തിന് പടിഞ്ഞാറ് വേമ്പനാട്ടുകായലിനോട് ചേർന്ന കിളിരൂർ ദേശത്തെ ചേരിക്കൽ ഭൂമിയിൽ മുന്നൂറു വർഷങ്ങൾക്കുമുമ്പ് കാർഷികകരം പിരിക്കുന്നതിന് ചുമതലയുണ്ടായിരുന്ന ഈഴവപ്രമാണിമാരുടെ കുടുംബമായിരുന്നു ഇടനാട്ടുതറ വീട്. തെക്കുംകൂർ രാജാക്കന്മാർ പണിക്കർ സ്ഥാനം നൽകിയ കുടുംബക്കാർ! കാർഷികവൃത്തിക്ക് പ്രാധാന്യമുണ്ടായിരുന്ന ഈ പ്രദേശത്തെ അടിയാളന്മാരായ എല്ലാ ജനവിഭാഗങ്ങളുടെ മേലും ശിക്ഷാരക്ഷാദി അധികാരങ്ങൾ ഓരോ കാലത്തെയും ഇടനാട്ടുതറ പണിക്കന്മാർ നടപ്പിലാക്കിയിരുന്നു. രാജാവ് നൽകിയ അമിതാധികാരത്തെ അവർ ദുരുപയോഗപ്പെടുത്തിയിരുന്നു എന്നു പറയുന്നതാവും കൂടുതൽ ശരി.

തിരുവാർപ്പിന് കിഴക്കുള്ള കിളിരൂർ മുതൽ കായൽതീരത്തെ മലരിക്കൽകോട്ട വരെയുള്ള നെൽപ്പാടങ്ങളിൽ കൃഷി ചെയ്യിച്ചിരുന്നത് ഇടനാട്ടുതറ പണിക്കരായിരുന്നു. തിരുവാർപ്പിലെ നിലങ്ങളിൽ കാർഷികകരം പിരിക്കുന്നതിൻ്റെ ചുമതല ആമ്പലാറ്റിൽ പണിക്കർ എന്ന മറ്റൊരു ഈഴവപ്രമാണിക്കുമായിരുന്നു. ഇരുകൂട്ടരും താമസിച്ചിരുന്നത് കിളിരൂർ കരയെയും തിരുവാർപ്പു കരയെയും വേർതിരിക്കുന്ന വലിയതോടിൻ്റെ ഇരുകരകളിലായിരുന്നു താനും.

പഴയ കാലത്തെ ഇടനാട്ടുതറ പണിക്കന്മാരിൽ ചിലർ ക്രൂരന്മാരും സ്ത്രീലമ്പടന്മാരും ആയിരുന്നുവത്രെ. തൻ്റെ അധികാരപരിധിയിൽ വരുന്ന പ്രദേശത്തെ അടിയാളരിൽ ആരെങ്കിലും വിവാഹം കഴിച്ചാൽ നവവധു ആദ്യരാത്രിയിൽ പണിക്കർക്കൊപ്പം ശയിക്കണമത്രേ. അടിയാളയുവാവ് വിങ്ങുന്ന ഹൃദയത്തോടെ ആ രാത്രി മുഴുവൻ തൻ്റെ ഭാര്യയെ വിട്ടുകിട്ടുന്നതിനായി കാത്തിരിക്കും.

വധുവിനെ പണിക്കർക്ക് വിട്ടുകൊടുക്കാതിരിക്കുകയോ താമസം വരുത്തുകയോ ചെയ്താൽ വരനായ അടിയാളനെ പിടിച്ചു കൊണ്ടുവന്ന് ഒരു തേങ്ങാപ്പുരയിൽ കൈകാലുകൾ ബന്ധിച്ച് നഗ്നനാക്കി നിർത്തി തലയിൽ നീറിൻകൂട് കുടയുന്ന പ്രാകൃതമായ ശിക്ഷാരീതിയും പണിക്കർ നടപ്പിലാക്കിയിരുന്നു. കഠിനമായ ഈ ശിക്ഷാവിധിയെ ഭയപ്പെട്ട് ആത്മാഭിമാനം നഷ്ടപ്പെടുത്തി പണിക്കർക്ക് വിധേയപ്പെട്ട് കഴിയാനായിരുന്നു ആ ഹതഭാഗ്യരുടെ വിധി. അല്ലാത്ത അവസരങ്ങളിലും പണിക്കർ ആവശ്യപ്പെടുന്ന പക്ഷം അടിയാളസ്ത്രീകൾ അയാൾക്ക് വഴങ്ങണമത്രേ! അങ്ങനെ അടിയാളസ്ത്രീകളിൽ പണിക്കർക്കുണ്ടാകുന്ന കുട്ടികളിൽ ആണുങ്ങൾ മുതിർന്നാൽ പണിക്കരുടെ കീഴിൽ വാല്യക്കാരായും സഹായികളായും പണിയെടുപ്പിക്കും. പെൺകുട്ടികളായാൽ അവർ ഋതുമതികളാകുന്ന മുറയ്ക്ക് വളരെ ഗോപ്യമായി കടത്തികൊണ്ടു പോയി ആഭിചാരകർമ്മങ്ങൾക്ക് വിധേയരാക്കി ബലി കഴിക്കും. ഇത് തലമുറകളായി എല്ലാ ഇടനാട്ടുതറ പണിക്കന്മാരും ചെയ്തിരിക്കാനിടയില്ല എങ്കിലും നാലഞ്ചു തലമുറ മുമ്പുള്ള ഒരു പണിക്കരെ കുറിച്ചാണ് പറഞ്ഞുകേട്ടിരിക്കുന്നത്.
ഈ ബലികർമ്മത്തിൽ നിന്ന് ഒരു യുവതി രക്ഷപ്പെട്ട് നീണ്ടനാൾ ജീവിച്ചിരുന്ന കഥ വാമൊഴിയായി ഈ പ്രദേശത്ത് നിലനിൽക്കുന്നുണ്ട്. ഈ ഇടനാട്ടുതറ പണിക്കർ തനിക്ക് അടിയാളത്തിയിലുണ്ടായ മകളെ ബലി കഴിക്കാനായി വള്ളത്തിൽ കയറ്റി കുരുതിത്തറയിലേക്ക് കൊണ്ടുപോയ ശേഷം കൊടുവാളിന് കഴുത്തുമുറിച്ച് രക്തം കാളിക്ക് സമർപ്പിച്ച ശേഷം തിരിച്ചുപോന്നു. ഗളച്ഛേദ്ദത്തിൽ തലയും ഉടലും വേർപ്പെട്ടിരുന്നില്ല. അതിനാൽ ആ യുവതി മരണപ്പെട്ടിരുന്നില്ല. ഓടിയെത്തിയ അവളുടെ അമ്മ ബലിത്തറയിൽനിന്ന് അവളെ എടുത്തുകൊണ്ടുപോയി ശുശ്രൂഷിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നുവത്രേ!

ഇടനാട്ടുതറക്കാർക്ക് ആനകളും കുതിരകളും ഉണ്ടായിരുന്നുവത്രേ. ആയോധനക്കളരിയും ഇവർക്കുണ്ടായിരുന്നു. ഇടനാട്ടുതറയിലെ ആനകൾ ചെരിയുമ്പോൾ കുഴിച്ചുമൂടിയിരുന്ന സ്ഥാനത്താണ് തിരുവാർപ്പ് മർത്തശ്മൂനി പള്ളിയുടെ പാരീഷ്ഹാൾ ഇന്ന് സ്ഥിതി ചെയ്യുന്നത്. തറവാടിരിക്കുന്ന സ്ഥലമൊഴികെ നാരായണപ്പണിക്കരിൽനിന്ന് സർക്കാർ കണ്ടു കെട്ടിയ ഭൂമി ലേലത്തിൽ വിറ്റുപോയി. ഭൂരിഭാഗവും കിളിരൂരിലെ മേച്ചേരിമഠം അയ്യരിലാണ് വന്നുചേർന്നത്. തറവാടിരുന്ന സ്ഥലം പുളിക്കമറ്റത്തിൽ പാപ്പച്ചനാണ് വാങ്ങിയത്. നേരിയന്തറ കത്തനാരുടെ നേത്യത്വത്തിൽ 1936 ലാണ് സുറിയാനിസഭ പള്ളി വയ്ക്കാനായി ഈ സ്ഥലം പാപ്പച്ചനിൽ നിന്ന് വാങ്ങുന്നത്.

1749 ൽ തെക്കുംകൂറിന് രാജ്യാധികാരം നഷ്ടപ്പെട്ടതിനു ശേഷവും ഇടനാട്ടുതറ പണിക്കരുടെ പ്രതാപവും പ്രാമാണികതയും നഷ്ടപ്പെട്ടിരുന്നില്ല. തിരുവിതാംകൂറിൻ്റെ ഭരണകാലത്തും അവരുടെ താന്തോന്നിത്തം തുടർന്നുകൊണ്ടിരുന്നു. പണിക്കരും പരിവാരങ്ങളും വലിയതോട്ടിലൂടെ വഞ്ചിയിൽ സഞ്ചരിക്കുമ്പോൾ കടവുകളിൽ കുളിച്ചിരുന്ന സ്ത്രീകൾ തങ്ങളുടെ ദുർവിധിയെ ഓർത്ത് പണിക്കർക്കും കുടുംബത്തിനും മേൽ ശാപവാക്കുകൾ ചൊരിഞ്ഞിരുന്നു. എന്തായാലും എല്ലാ പ്രതാപവും നശിച്ച് കൊടുംദാരിദ്രം അനുഭവിച്ച് ഭിക്ഷയെടുത്ത് കഴിഞ്ഞ് ഒടുവിൽ ജീവിതമൊടുങ്ങേണ്ടി വന്നയാളായിരുന്നു ഇടനാട്ടുതറയിലെ അവസാനത്തെ കാരണവരായിരുന്ന നാരായണപ്പണിക്കർ. ഭൂസ്വത്തെല്ലാം ധൂർത്തടിച്ചും കേസുകളിൽ കുടുങ്ങി നഷ്ടപ്പെടുത്തിയും പാപ്പരായി തീർന്ന നാരായണപ്പണിക്കർക്ക് അവസാനകാലത്ത് അന്യരുടെ മുന്നിൽ കൈനീട്ടാനുള്ള ദുർഗതിയാണുണ്ടായത്. എറെ ദുഖകരമായ കാര്യം എന്തെന്നാൽ നൂറ്റാണ്ടുകളോളം അധികാരപ്രമത്തതയുടെ പ്രൗഢിയിൽ നിലനിന്നിരുന്ന ഇടനാട്ടുതറ തറവാടിരുന്ന സ്ഥാനമാണ് തിരുവാർപ്പ് മർത്തശ്മൂനി പള്ളിയുടെ സെമിത്തേരിയായി മാറിയതെന്ന ദുര്യോഗവും!

നസ്രാണികേസരി എന്നറിയപ്പെട്ട അക്കര കുര്യൻ റൈട്ടറുടെ ജീവചരിത്രഗ്രന്ഥത്തിൽ ഒരു ഭാഗത്ത് കുര്യൻ റൈട്ടർ തിരുവനന്തപുരത്തു വച്ച് ഇടനാട്ടുതറ നാരായണപ്പണിക്കരെ കണ്ടതായ വിവരം എഴുതിയിട്ടുണ്ട്. വെസ്റ്റേൺ സ്റ്റാർ എന്ന പേരിൽ ഇംഗ്ലീഷിലും പശ്ചിമതാരക എന്ന പേരിൽ മലയാളത്തിലും കൊച്ചിയിൽനിന്ന് ദിനപ്പത്രങ്ങൾ കുര്യൻ റൈറ്റർ അച്ചടിച്ചിരുന്നു. കയറ്റുമതി വ്യാപാരത്തിലും തോട്ടവിളകൃഷിയിലും വ്യവസായത്തിലും തിരുവിതാംകൂറിലും കൊച്ചിയിലും മുഖ്യസ്ഥാനത്തുണ്ടായിരുന്ന കുര്യൻ റൈട്ടർ വിശാഖം തിരുനാൾ മഹാരാജാവിൻ്റെയും ആയില്യം തിരുനാളിൻ്റെ മഹാരാജാവിൻ്റെയും ഉപദേഷ്ടാക്കളിൽ ഒരാൾ കൂടിയായിരുന്നു. ഇടയ്ക്കിടെ തിരുവനന്തപുരത്ത് എത്തി ഒരാഴ്ചയോളം അദ്ദേഹം തങ്ങും. 1870 കളിൽ അത്തരമൊരു അവസരത്തിലാണ് പണിക്കരുമായുള്ള കൂടിക്കാഴ്ച ഉണ്ടാകുന്നത്.

പുലർച്ചെ ശരീരവ്യായാമത്തിനായി റൈട്ടർക്ക് കുതിരസവാരി പതിവാണ്. അങ്ങനെ സഞ്ചരിച്ചുവരുമ്പോൾ പാർവതീ പുത്തനാറു തുടങ്ങുന്ന കല്പാലക്കടവിൽ കോട്ടയത്തെ പാരമ്പര്യശൈലിയിലുള്ള ഒരു വളവരവള്ളം അദ്ദേഹത്തിൻ്റെ കണ്ണിൽപ്പെട്ടു. അതിൽ വേഷവിധാനം കൊണ്ടും മട്ടും ഭാവവും കൊണ്ടും ഒട്ടും ആഭിജാത്യം കുറവില്ലാത്ത ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നു. താഴത്തങ്ങാടിക്കാരനായ കുര്യൻ റൈട്ടർക്ക് ഒരു നാട്ടുകാരനെ കണ്ട താൽപ്പര്യത്തോടെ വള്ളത്തിലിരുന്നയാളെ വിളിച്ചു പരിചയപ്പെട്ടു. കിളിരൂരിലെ ഇടനാട്ടുതറ വീട്ടിൽ നാരായണപ്പണിക്കരാണ് താൻ എന്നും മഹാരാജാവിനെ മുഖം കാണിക്കുന്നതിനായി എത്തിയിട്ടു ദിവസങ്ങളായെന്നും അതിന് മാർഗ്ഗമൊന്നും കാണാതെ വിഷമത്തിലാണെന്നും പണിക്കർ അറിയിച്ചു.

ഇടനാട്ടുതറകുടുംബത്തിലെ മറ്റു അംഗങ്ങളെല്ലാം മരിച്ചുപോയി. സ്വത്തിന് അവകാശിയായ തന്നെ അറിയിക്കാതെ മുഴുവൻ സ്വത്തും പ്രവർത്തിയാർ (വില്ലേജ് ഓഫീസർ) സർക്കാറിലേക്ക് കണ്ടുകെട്ടി. താൻ ഈ സ്വത്തുക്കളുടെ അവകാശിയാണെന്ന് തെളിവുകൾ ഹാജരാക്കി സ്വത്തുക്കൾ തിരികെ തരണമെന്ന് രാജസമക്ഷം ഉണർത്തിക്കാൻ എത്തിയിരിക്കുകയാണ് എന്നും പണിക്കർ കുര്യൻ റൈട്ടറോട് പറഞ്ഞു.

റൈട്ടർ പണിക്കരെ തൻ്റെ വസതിയിലേക്ക് അതിഥിയായി ക്ഷണിച്ചു. പിറ്റേന്നു തന്നെ ദിവാൻ താണുപിള്ളയെ റൈട്ടർ കണ്ട് ഈ വിഷയം ബോധ്യപ്പെടുത്തി. അവർ രണ്ടു പേരും രാജസന്നിധിയിലെത്തി പണിക്കരുടെ പ്രശ്നം അവതരിപ്പിച്ചു. പണിക്കർക്ക് സ്വത്തുക്കൾ മുഴുവനും വിട്ടുകൊടുക്കുന്നതിന് മഹാരാജാവ് ഉത്തരവ് നൽകി. രണ്ടായിരം പറ നിലവും നൂറ് ഏക്കറിന് മേൽ പുരയിടവുമാണ് പണിക്കർക്ക് തിരികെ ലഭിച്ചത്. പിന്നീട് കുര്യൻ റൈട്ടർ അക്കരവീട്ടിൽ ഉണ്ടായിരുന്ന സമയത്ത് നാരായണപ്പണിക്കർ തൻ്റെ ഒരു ഓടിവള്ളം ഉപഹാരമായി എത്തിച്ചുകൊടുത്തു. റൈട്ടർ വാങ്ങാൻ വിസമ്മതിച്ചുവെങ്കിലും സ്നേഹനിർബന്ധത്തിൽ വഴങ്ങി സ്വീകരിക്കേണ്ടി വന്നു. ഒരു ആണിത്തറ പോലുമില്ലാത്ത വിശേഷപ്പെട്ട ആ ഒറ്റത്തടി കളിവള്ളമാണ് "കല്ലനോടി" എന്ന പേരിൽ പിൽക്കാലത്ത് പ്രശസ്തമായത്.
ഈ സ്വത്തുവകകളെല്ലാം തിരികെ കിട്ടിയെങ്കിലും ധൂർത്തടിച്ചുള്ള ജീവിതമായിരുന്നു പിന്നീട് നാരായണപ്പണിക്കരുടേത്. അത്തരമൊരു ഘട്ടത്തിലാണ് മേൽപ്പറഞ്ഞ വിവാദമായ കുതിര സവാരി പണിക്കർ നടത്തിയത്. അധികം വൈകാതെ സ്വത്തുവകൾ വീണ്ടും സർക്കാർ കണ്ടുകെട്ടുകയുണ്ടായി എന്നാണ് മനസ്സിലാക്കാനാവുന്നത്. ഇടനാട്ടുതറ കുടുംബം എങ്ങനെ ക്ഷയിച്ചോ അതേ അവസ്ഥ തന്നെ ആ ഭൂമി വാങ്ങിച്ച മേച്ചേരി മഠത്തിനും ഉണ്ടായത്രേ. തിരുവാർപ്പ് മർത്തശ്മൂനി പള്ളിയാകട്ടെ യാക്കോബായ-ഓർത്തഡോക്സ് സമുദായകേസിൻ്റെ ഭാഗമായി അവകാശത്തർക്കത്തിലായിരുന്നതും ആ ഭൂമിയുടെ തുടരുന്ന ദുർഗതിയായിരിക്കാം.

തൻ്റെ പൂർവ്വികർ ചെയ്തു കൂട്ടിയ അധമപ്രവർത്തികൾക്ക് കാലം കരുതിവച്ച ശിക്ഷയാണ് പിൻതലമുറക്കാരനായ നാരായണപ്പണിക്കർക്ക് അന്ത്യകാലത്ത് ഏറ്റുവാങ്ങേണ്ടിവന്നത് എന്നാണ് ആ നാട്ടുകാർ ഇന്നും വിശ്വസിക്കുന്നത്.


എഴുത്തും വരയും:
പള്ളിക്കോണം രാജീവ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം