വൈദികസംസ്കൃതത്തിൽ (അലൌകിക) രചിക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളാണ് വേദങ്ങൾ. 'അറിയുക' എന്ന് അർത്ഥമുള്ള വിദ് (vid) എന്ന വാക്കിൽ നിന്നാണ് വേദം എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ബി.സി. 1500 നും 600 ഇടയ്ക്കാണ് വേദകാലഘട്ടം നിലനിന്നിരുന്നത്. വേദങ്ങളെ പൊതുവെ പ്രകൃതികാവ്യം എന്നുവിളിക്കുന്നു.വേദമാണു മാനവരാശിക്കു പരിചയമുള്ള ഏറ്റവും പഴക്കമുള്ള പുസ്തകങ്ങളായി പാശ്ചാത്യരും പൗരസ്ത്യരും അംഗീകരിച്ചിട്ടുള്ളത് വേദകാലഘട്ടം, ക്രിസ്തുവിനു 1500-500 വർഷങ്ങൾക്കു മുമ്പ് ആയിരിക്കാമെന്നു പണ്ഡിതർ കരുതുന്നു. ബി.സി.ഇ. 1500-നടുത്തോ അതിനു ശേഷമോ ആയിരിക്കണം ഋഗ്വേദം രചിക്കപ്പെട്ടിരിക്കുന്നത്. 500 BC യിൽ പാണിനി, പഴയ സംസ്കൃതത്തെ ഇന്ന് നാം കാണുന്ന ആധുനിക (ലൌകിക) സംസ്കൃതമാക്കി ക്രോഡീകരിച്ചു. സ്വാമി ദയാനന്ദ സരസ്വതിയുടെ (ആര്യസമാജ സ്ഥാപകൻ) ശാസ്ത്രീയ വിശകലനത്തിൽ, ഭാരതീയ ജ്യോതിഷാനുസരണം വേദോല്പത്തി 197കോടി അഥവാ 1.97 ബില്യൺവർഷങ്ങൾക്ക് മുൻപാണു. വേദപണ്ഡിതനായിരുന്ന സ്വ.ആചാര്യ നരേന്ദ്രഭൂഷൺ സ്ഥാപക പത്രാധിപരായിരുന്ന ആർഷ നാദം വൈദിക മാസികയിലും അദ്ദേഹത്തിന്റെ പുസ്തകങ്ങളിലും ഇതേപ്പറ്റിയുള്ള വളരെ വ്യക്തമായ വിശകലനങ്ങൾ ഉണ്ട്. ഇന്തോ ആര്യ...