രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ സൈന്യം തച്ചുതകർത്തതാണ് പോളണ്ടിലെ ഗ്രിഫിനോ ടൗൺ. അതിനോടു ചേർന്നുതന്നെ ഒരു വനപ്രദേശമുണ്ട്-ക്രൂക്ക്ഡ് ഫോറസ്റ്റ് എന്നാണിതിന് അധികൃതർ നൽകിയിരിക്കുന്ന പേര്. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ വളഞ്ഞ മരങ്ങളാണ് ഈ വനത്തിന്റെ പ്രത്യേകത. പക്ഷേ എല്ലാ മരങ്ങളിലുമില്ല, ഈ വനത്തിലെ 400 പൈൻ മരങ്ങളുടെ ഏറ്റവും താഴെയുള്ള തടിഭാഗമാണ് പുറത്തോട്ടു വളഞ്ഞരീതിയിലുള്ളത്. എല്ലാ വളവുകളും വടക്കോട്ടു തിരിഞ്ഞാണെന്ന പ്രത്യേകതയുമുണ്ട്. വടക്കുപടിഞ്ഞാറൻ പോളണ്ടിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. പക്ഷേ എന്തുകൊണ്ടാണ് ഈ മരങ്ങളിങ്ങനെ എന്നു വിനോദസഞ്ചാരികൾ ചോദിച്ചാൽ ആർക്കും ഉത്തരമുണ്ടാകില്ല. 90 ഡിഗ്രി വളവുമായി നിലനിൽക്കുന്ന മരങ്ങള്‍ നിറഞ്ഞ ഈ നിഗൂഢവനത്തിനു പിന്നിലെ സത്യാവസ്ഥ ആർക്കും അറിയില്ലെന്നതാണു സത്യം. ചില മരങ്ങളുടെ വളവ് പുറത്തേക്ക് മൂന്നു മുതൽ ഒൻപതു വരെ അടി നീളത്തിലാണ്. ഇതിന്റെ കാരണം പറയുന്ന എന്തെങ്കിലും തെളിവുകൾ അവശേഷിക്കുന്നുണ്ടെങ്കിൽ തന്നെ അത് നാസി അധിനിവേശത്തോടെ നശിപ്പിക്കപ്പെടുകയും ചെയ്തു. നിലവിൽ സംരക്ഷിത വനപ്രദേശമാണിത്. പ്രാദേശിക ഭാഷയിൽ Krzywy Las എന്നാണു പേര്. ...