അജീർണ്ണേ ഭോജനം വിഷം (പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.) അർദ്ധരോഗഹരീ നിദ്രാ (പാതി രോഗം ഉറങ്ങിയാൽ തീരും) മുദ്ഗദാളീ ഗദവ്യാളീ (ചെറുപയർ രോഗം വരാതെ കാക്കും. മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.) ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ (വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും) അതി സർവ്വത്ര വർജ്ജയേൽ (ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപയോഗിയ്ക്കരുത്) നാസ്തി മൂലം അനൗഷധം (ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല) ന വൈദ്യ: പ്രഭുരായുഷ: (വൈദ്യൻ ആയുസ്സിന്റെ നാഥനല്ല) ചിന്താ വ്യാധിപ്രകാശായ (മനസ്സുപുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും) വ്യായാമശ്ച ശനൈഃ ശനൈഃ (വ്യായാമം പതുക്കെ വർദ്ധിപ്പിയ്ക്കണം. പതുക്കെ ചെയ്യണം -- അമിതവേഗം പാടില്ല.) അജവത് ചർവ്വണം കുര്യാത് (ആഹാരം നല്ലവണ്ണം -- ആടിനെപ്പോലെ -- ചവയ്ക്കണം. ഉമിനീരാണ്, ആദ്യത്തെ ദഹനപ്രക്രിയ) സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം (കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും) ന സ്നാനം ആചരേത് ഭുക്ത്വാ (ഊണുകഴിഞ്ഞയുടനെ കുളി പാടില്ല. ദഹനം സ്തംഭിയ്ക്കും) നാസ്തി മേഘസമം തോയം...