Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത...

പ്രേത വിമാനം



2005 ആഗസ്ത്‌ 14. ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസ്‌ നഗരം. സമയം രാവിലെ 10:40. നഗരത്തിനു മുകളിൽ ഒരു ബോയിംഗ്‌ 737 വിമാനം വട്ടമിട്ടു പറക്കുന്നതായി റിപ്പോർട്ട്‌ കിട്ടിയതിനെ തുടർന്ന് തെരച്ചിലിന്‌ പുറപ്പെട്ട-തായിരുന്നു ഗ്രീക്ക്‌ വ്യോമസേനയുടെ രണ്ട്‌ എഫ്‌ 16 ഫൈറ്റർ വിമാനങ്ങൾ. എയർ ട്രാഫിക്‌ കണ്ട്രോളിൽ നിന്നും തുടർച്ചയായി സന്ദേശങ്ങൾ അയച്ചിട്ടും ആ യാത്രാവിമാനത്തിൽ നിന്നും യാതൊരു മറുപടിയും ലഭിച്ചിരുന്നില്ല. 9/11 സംഭവത്തിന്‌ ശേഷം ലോകത്തിലാകമാനം വ്യോമയാന മേഘലയിലെ ഭീകരാക്രമണ ഭീഷണികളെ ഗൗരവമായി കണ്ടു തുടങ്ങിയ സമയം. സമാനമായ എന്തെങ്കിലും അട്ടിമറികൾക്കുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല. ഗ്രീക്ക്‌ സുരക്ഷാ സേന ജാഗരൂകരായി.

"ഫ്ലൈറ്റ്‌ 522 നിങ്ങൾക്ക്‌ കേൾക്കാമോ.?"

എയർ ട്രാഫിക്‌ കണ്ട്രോൾ വീണ്ടും ആവർത്തിച്ചു. പക്ഷെ നിശബ്ദത മാത്രമായിരുന്നു മറുപടി.

...................................................................................................................................................................

സൈപ്രസ്സിലെ ലാർന്നാക്കാ എയർ പോർട്ട്‌. ആഗസ്ത്‌ 14. നേരം പുലർന്നിട്ട്‌ അധിക സമയമായിട്ടില്ല. സൈപ്രസ്‌ വിമാനക്കമ്പനിയായ ഹീലിയോസ്‌ എയർ വേയ്സിന്റെ ബോയിംഗ്‌ 737 വിമാനം ഫ്ലൈറ്റ്‌ നമ്പർ 522 ഗ്രീസിലെ ഏഥൻസിലേക്കുള്ള ഒരു ഹ്രസ്വദൂര യാത്രയ്കുള്ള തയ്യാറെടുപ്പിലായിരുന്നു. മൂന്ന് വിമാനങ്ങൾ മാത്രം ഉണ്ടായിരുന്ന ഒരു ചെറിയ വിമാനക്കമ്പനി-യായിരുന്നു ഹീലിയോസ്‌. ചുരുങ്ങിയ ടിക്കറ്റ്‌ നിരക്കും മെച്ചപ്പെട്ട സേവനങ്ങളും വാഗ്ദാനം ചെയ്തിരുന്നതിനാൽ ധാരാളം യാത്രക്കാരെ ആകർഷിക്കാൻ ഹീലിയോസിന്‌ കഴിഞ്ഞിരുന്നു. യാത്രക്കാരിൽ അധികവും ഗ്രീസിലേക്ക്‌ വേനലവധി ആഘോഷിക്കാൻ പോകുന്ന വിനോദ സഞ്ചാരികൾ ആയിരുന്നു. പരിചയ സമ്പന്നനായ ക്യാപ്റ്റൻ ഹാൻസ്‌ മെർട്ടെനും സഹ വൈമാനികൻ പാംപോസ്‌ കരലാമ്പോസുമായിരുന്നു അന്നേ ദിവസത്തെ പൈലറ്റുമാർ. പാസഞ്ചർ ക്യാബിനിൽ യാത്രക്കാർക്ക്‌ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള തിരക്കിലായിരുന്നു നാലംഗ ക്യാബിൻ ജീവനക്കാർ. അക്കൂട്ടത്തിൽ ഒരാളായിരുന്നു 25 കാരനായ അന്ദ്രേയോസ്‌ പ്രോദ്രോമു. മുൻ സൈനികനും ഡൈവറുമായിരുന്നു ആന്ദ്രേയോസിന്‌ വൈമാനിക പരിശീലനവും കിട്ടിയിരുന്നു. ഹീലിയോസിൽ ഒരു പൈലറ്റായി ജോലി ചെയ്യുക എന്നതായിരുന്നു ആന്ദ്രേയോസിന്റെ ഏറ്റവും വലിയ സ്വപ്നം. അന്നേ ദിവസം അവധിയായിരുന്നിട്ടും അത്‌ വേണ്ടെന്നുവച്ച്‌ അന്ദ്രേയോസ്‌ ജോലിയ്ക്‌ ഹാജരായി. ക്യാബിൻ ക്രൂവായി ജോലി ചെയ്യുന്ന തന്റെ പ്രണയിനിയുമായി കൂടുതൽ സമയം ചെലവഴിക്കുക എന്ന ഗൂഡ ലക്ഷ്യവും ആ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നിരിക്കണം.

വിമാനം പുറപ്പെടുന്നതിനുമുൻപുള്ള ക്യാപ്റ്റന്റെ മുന്നറിയിപ്പ്‌ സന്ദേശം ക്യാബിനിൽ മുഴങ്ങി. യാത്രികരെല്ലാം സീറ്റ്‌ ബെൽറ്റ്‌ ധരിച്ച്‌ തയ്യാറായി ഇരുന്നു. കൃത്യം ഒൻപതു മണിക്കുതന്നെ ഹീലിയോസ്‌ ഫൈറ്റ്‌ 522 തെളിഞ്ഞ ആകാശത്തിലേക്ക്‌ കുതിച്ചുയർന്നു. വിമാനത്തെ അതിന്റെ ക്രൂയിസിംഗ്‌ ഉയരമായ മുപ്പത്തിനാലായിരം അടി ഉയരത്തിലേക്ക്‌ ഉയർത്തുന്നതിനായി ക്യാപ്റ്റൻ എയർ ട്രാഫിക്‌ കണ്ട്രോളിന്റെ അനുവാദം ചോദിച്ചു. എ റ്റി സി അവർക്ക്‌ അതിന്‌ അനുവാദം നൽകി. അതിൻപ്രകാരം ക്യാപ്റ്റൻ മെർട്ടെൻ തന്റെ വിമാനത്തിന്റെ സഞ്ചാര പഥം 34000 അടിയായി സെറ്റ്‌ ചെയ്തു.

പറന്നുയർന്നിട്ട്‌ ഏതാനും മിനിറ്റുകൾ കഴിഞ്ഞിട്ടേയുള്ളൂ. വിമാനം അപ്പോഴും അതിന്റെ ക്രൂയിസിംഗ്‌ ഉയരത്തിലേക്ക്‌ കുതിച്ചുകൊണ്ടിരിക്കുകയാണ്‌. പെട്ടന്ന് കോക്ക്പിറ്റിൽ ചില മുന്നറിയിപ്പ്‌ അലാറങ്ങൾ മുഴങ്ങാൻ തുടങ്ങി. വൈമാനികർ വേഗം അതെന്താണെന്ന് പരിശോധിച്ചു. കിട്ടിയ ഉത്തരം അവരെ വല്ലാത്ത ആശയക്കുഴപ്പത്തിലാക്കുന്നതായിരുന്നു. വിമാനത്തിന്റെ ടേക്കോഫ്‌ കോൺഫിഗറേഷൻ വാണിംഗ്‌ സിസ്റ്റം അപകടമണി മുഴക്കുന്നു. അതിനർത്ഥം വിമാനം ഇനിയും പറക്കാൻ വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടില്ല എന്നാണ്‌. സാധാരണ ഗതിയിൽ വിമാനം തറയിലായിരിക്കുമ്പോഴാണ്‌ ഇത്തരം മുന്നറിയുപ്പുകൾ ശബ്ദിക്കാറുള്ളത്‌. പറന്നുയർന്ന് കഴിഞ്ഞ ഒരു വിമാനത്തിൽ അങ്ങനെയൊന്ന് സംഭവിക്കാൻ സാധ്യത വിരളമാണ്‌. ആശയക്കുഴപ്പം തുടരുന്നതിനിടയിൽ ക്യാപ്റ്റൻ മെർട്ടെൻ ലാനാർക്ക്‌ എയർപ്പോർട്ടിലുള്ള ഹീലിയോസ്‌ ഓപ്പറേഷൻ സെന്ററുമായി ബന്ധപ്പെട്ടു.

ആദ്യ അലാറം സൃഷ്ടിച്ച അമ്പരപ്പ്‌ തീരുന്നതിന്‌ മുൻപുതന്നെ വിമാനത്തിന്റെ പ്രധാന മുന്നറിയിപ്പ്‌ സംവിധാനവും ശബ്ദിക്കാൻ തുടങ്ങി. വിമാനത്തിന്‌ ഗൗരവമേറിയ എന്തെങ്കിലും കുഴപ്പമുണ്ടെങ്കിലാണ്‌ മാസ്റ്റർ കോഷൻ അലാറം പ്രവർത്തിക്കുക. വൈമാനികർ വീണ്ടും ആശയക്കുഴപ്പത്തിലായി. ഇതേ സമയം ഹീലിയോസ്‌ ഓപ്പറേറ്റിംഗ്‌ സെന്ററിൽ എഞ്ചിനീയർമാരും ആശയ-ക്കുഴപ്പത്തിലായിരുന്നു. ഫ്ലൈറ്റ്‌ 522-ന്‌ സംഭവിക്കുന്നത്‌ എന്താണെന്ന് കണ്ടുപിടിക്കാൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു. പാസഞ്ചേഴ്സ്‌ ക്യാബിനിൽ യാത്രകാർ ഇതൊന്നും അറിയാതെ അവരവരുടെ ലോകത്ത്‌ മുഴുകി-യിരിക്കുകയായിരുന്നു. പെട്ടന്നാണ്‌ തികച്ചും അപ്രതീക്ഷിതമായി ഓക്സിജൻ മാസ്കുകൾ പൊട്ടിവീണത്‌. അടിയന്തിര സാഹചര്യങ്ങളിൽ മാത്രം പ്രവർത്തന സജ്ജമാകേണ്ട ഓക്സിജൻ മാസ്കുകൾ വിടർന്നു വീണത്‌ ഫ്ലൈറ്റ്‌ ക്രൂവിനേയും അമ്പരപ്പിച്ചു. യാത്രക്കാർക്ക്‌ വേണ്ടുന്ന നിർദ്ധേശങ്ങൾ നൽകിയ ശേഷം അവർ ക്യാപ്റ്റന്റെ സന്ദേശത്തിനായി കാത്തിരുന്നു.

പാസഞ്ചേഴ്സ്‌ ക്യാബിനിൽ ഓക്സിജൻ മാസ്കുകൾ പ്രവർത്തനസജ്ജമായ വിവരം പൈലറ്റുമാർ അറിഞ്ഞിരുന്നില്ല. അവർ അപ്പോഴും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു. ഓപ്പറേഷൻ സെന്ററിലെ എഞ്ചിനീയർ-മാർക്കും കൃത്യമായ പ്രശ്നം എന്താണെന്ന് കണ്ടെത്താനായില്ല. (ആദ്യത്തെ വാണിംഗ്‌ അലാറം ടേക്കോഫ്‌ കോൺഫിഗ്‌ വാണിംഗ്‌ ആണെന്നും, മാസ്റ്റർ കോഷൻ അലാറം വിമാനത്തിന്റെ കൂളിംഗ്‌ സിസ്റ്റത്തിന്റെ തകരാർ മൂലമാണെന്നുമുള്ള ക്യാപ്റ്റന്റെ നിഗമനത്തെ മുൻ നിർത്തിയായിരുന്നു അവരുടെ ശ്രമങ്ങൾ). കാര്യങ്ങൾ ഇങ്ങനെ നീങ്ങുന്നതിനിടയിൽ പെട്ടന്ന്, തികച്ചും അപ്രതീക്ഷിതമായി ഫ്ലൈറ്റ്‌ 522-വുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായി. മെഡിറ്ററേനിയൻ കടലിനുമുകളിൽ മുപ്പത്തിനാലായിരം അടി ഉയരത്തിലേക്കുള്ള കുതിപ്പിലായിരുന്നു ഹീലിയോസ്‌ വിമാനം അപ്പോഴും.

സമയം രാവിലെ പത്ത്‌ നാൽപ്പത്‌.

വിമാനം ഏഥൻസ്‌ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനുള്ള സമയമായി. പക്ഷേ നഗരത്തിനുമുകളിൽ വട്ടമിട്ടുപറക്കുന്നതല്ലാതെ എയർ ട്രാഫിക്ക്‌ കണ്ട്രോളുമായി ബന്ധപ്പെടുകയോ അവരുടെ സന്ദേശങ്ങൾക്ക്‌ മറുപടി നൽകുകയോ ചെയ്യുന്നില്ല. ഭീകരർ വിമാനം തട്ടിയെടുത്ത്‌ അട്ടിമറിക്ക് ശ്രമിക്കുകയാണോ എന്ന ആശങ്ക അവരിൽ പടർന്നു. മുപ്പതുലക്ഷ-ത്തിലധികം ജനങ്ങൾ വസിക്കുന്ന നഗരമാണ്‌ ഏഥൻസ്‌. വിനോദ സഞ്ചാരി-കൾ വേറെ. വിമാനം ഇടിച്ചുകയറ്റി ഒരു അട്ടിമറിക്ക് ആരെങ്കിലും മുതിര്‍ന്നാൽ ഉണ്ടാകാവുന്ന നാശനഷ്ടങ്ങൾ ചിന്തിക്കാൻപോലുമാവില്ല. ഏതു സാഹചര്യവും നേരിടുന്നതിന്‌ സുരക്ഷാ സേന തയ്യാറെടുത്തു. വിമാനത്തെ നിരീക്ഷിക്കുന്നതിനും അട്ടിമറി ശ്രമങ്ങളിൽ നിന്നും അവരെ തടയു-ന്നതിനുമായി നിയ ആഞ്ചിലയോസ്‌ എയർ ബേസിൽ നിന്നും രണ്ട്‌ F-16 ഫൈറ്റർ ജെറ്റുകൾ പറന്നുയർന്നു. അധികം വൈകാതെ അവർ ഹീലിയോസ്‌ വിമാനത്തെ കണ്ടെത്തി.

"ഹീലിയോസ്‌ ഫ്ലൈറ്റ്‌ 522. നിങ്ങൾ കേൾക്കുന്നുണ്ടോ"...?

ഫൈറ്റർ പൈലറ്റുമാർ ഹീലിയോസുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ നിശ്ശബ്ദത മാത്രമായിരുന്നു മറുപടി. മുൻകരുതൽ എന്ന നിലയ്ക്‌ ഫൈറ്ററുകളിൽ ഒന്ന് ഷൂട്ടിംഗ്‌ പൊസിഷനിൽ ഹീലിയോസിന്‌ തൊട്ടുപിന്നിലായി സ്ഥാനം പിടിച്ചപ്പോൾ മറ്റൊന്ന് ഹീലിയോസിനോട്‌ കഴിയുന്നത്ര അടുത്തുകൂടി പറന്ന് കാര്യങ്ങൾ നിരീക്ഷിച്ചു. തികച്ചും അസാധാരണമായ കാര്യങ്ങളാണ്‌ അവർക്ക്‌ കാണാ-നായത്‌. ആരോ ഒരാൾ കോ-പൈലറ്റിന്റെ സീറ്റിൽ, കണ്ട്രോൾ കോളത്തിനു മുകളിലേക്ക്‌ (control column) ചാഞ്ഞ്‌ നിശ്ചലനായി കിടക്കുന്നുണ്ട്‌. ക്യാപ്റ്റന്റെ സീറ്റ്‌ കാലിയാണ്‌. കൂടുതൽ നിരീക്ഷണം നടത്തിയ എഫ്‌ 16 വിമാനത്തിലെ പൈലറ്റിന്‌ ഒരു കാര്യം മനസ്സിലായി. ഹീലിയോസിലുള്ള യാത്രക്കാരോ വിമാന ജീവനക്കാരോ ആരും ഒരു വിധത്തിലും പ്രതികരിക്കുന്നില്ല. ചില യാത്രക്കാർ സീറ്റുകളിൽ ചാഞ്ഞ്‌ കിടക്കുന്നു. ഒരാൾ പോലും അസാധാരണമാം വിധം അടുത്തുകൂടി പറക്കുന്ന ആ ഫൈറ്റർ ജെറ്റുകൾ ശ്രദ്ധിക്കുകയോ അതിനോട്‌ പ്രതികരിക്കുകയോ ചെയ്യുന്നില്ല. മറ്റോരു കാര്യം കൂടെ F-16 പൈലറ്റ്‌ ശ്രദ്ധിച്ചു. പാസഞ്ചേഴ്സ്‌ ക്യാബിനിൽ ഓക്സിജൻ മാസ്കുകൾ തൂങ്ങിക്കിടക്കുന്നു. അവർ ഈ വിവരങ്ങളത്രയും സുരക്ഷാസേനയുടെ ശ്രദ്ധയിൽപ്പെടുത്തി. ഒരു നിമിഷം. കോക്പിറ്റിൽ ആൾപ്പെരുമാറ്റം ഉള്ളതായി ഫൈറ്റർ പൈലറ്റിനു തോന്നി. ആരോ ഒരാൾ ക്യാപ്റ്റന്റെ സീറ്റിൽ വന്നിരിക്കുന്നു. എന്നാൽ അയാൾ സന്ദേശങ്ങൾ ശ്രദ്ധിക്കുകയോ ഫൈറ്ററുകളുടെ സാമീപ്യത്തോട്‌ പ്രതികരിക്കുകയോ ചെയ്യുന്നില്ല. ഈ വിവരവും അവർ കണ്ട്രോൾ ടവറിനു കൈമാറി.

നിരീക്ഷണ വിമാനങ്ങളും ഗ്രീക്ക്‌ എയർ ട്രാഫിക്‌ കണ്ട്രോളും ഹീലിയോസുമായി റേഡിയോ ബന്ധം സ്ഥാപിക്കാൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കേ പെട്ടന്ന് ആ യാത്രാവിമാനം ഇടതുവശത്തേക്ക്‌ തിരിഞ്ഞു. ഈ സമയം കോക്പിറ്റിൽ ഉണ്ടായിരുന്ന മനുഷ്യരൂപം ഫൈറ്റർ പൈലറ്റിനെ നോക്കി ആദ്യമായി കൈവീശി. അവസാനമായും. അൽപ്പ സമയത്തിനകം വിമാനം താഴേക്ക് കുതിക്കാൻ ആരംഭിച്ചു.

സമയം ഉച്ചയ്ക്ക് പന്ത്രണ്ടുമണി.

സൈപ്രസിൽ നിന്നും പറന്നുയർന്ന് ഏകദേശം മൂന്നുമണിക്കൂറിന്‌ ശേഷം ഹീലിയോസ്‌ എയർ വേയ്സ്‌ ഫ്ലൈറ്റ്‌ 522 ഏഥൻസിൽ നിന്നും 40 കിലോമീറ്റർ അകലെ ഗ്രമാറ്റിക്കോ കുന്നുകളിൽ തകർന്നുവീണു.


അഗ്നിശമന സേനയും സുരക്ഷാസേനയും ഗ്രമറ്റിക്കോ ലക്ഷ്യമാക്കി കുതിച്ചു. എന്നാൽ വീഴ്ചയുടെ അതി ശക്തമായ ആഘാതത്തിൽ ചിതറിപ്പോയ ആ വിമാനത്തിൽ നിന്നും ജീവനോടെ ആരെയും കണ്ടെത്താൻ അവർക്ക്‌ കഴിഞ്ഞില്ല. നൂറ്റിപ്പതിനഞ്ച്‌ യാത്രക്കാരും ആറു വിമാന ജീവനക്കാരുമടക്കം 121 മനുഷ്യ ജീവനുകൾ ഈ ദാരുണമായ അപകടത്തിൽ ബലികഴിക്കപ്പെട്ടു. ഗ്രീക്ക്‌ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ അപകടമായിരുന്നു അത്‌. അധികം താമസിക്കാതെ അപകട വാർത്ത സൈപ്രസ്സിലുള്ള ഹീലിയോസ്‌ ഓപ്പറേഷൻ സെന്ററിലുമെത്തി. പലർക്കും ആ വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ല. ചെറിയ വിമാനക്കമ്പനി ആയിരുന്നതിനാൽ ജീവനക്കാർ എല്ലാവരും അടുത്തറിയുന്നവരും സുഹൃത്തുക്കളുമായിരുന്നു. വിമാന-ക്കമ്പനിയെ മാത്രമല്ല സൈപ്രസ്സ്‌ എന്ന ചെറു ദ്വീപ രാഷ്ട്രത്തെ ആകമാനം ഈ ദുരന്തം കണ്ണീരിലാഴ്ത്തി. ഗവൺമന്റ്‌ മൂന്നുദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.

അപകടം സംഭവിച്ച്‌ അധികം വൈകാതെതന്നെ അപകട കാരണത്തെപ്പറ്റി പഠിക്കാൻ അധികൃതർ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടം എന്ന നിലക്ക് അവർ വിമാനത്തിന്റെ ഡാറ്റാ റെക്കോർഡറുകൾ ( CVR - cockpit voice recorder and FDR - flight data recorder) വീണ്ടെടുക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. ഇവ അടങ്ങിയ ലോഹ കവചം കണ്ടെത്തിയെങ്കിലും അതി ശക്തമായ വീഴ്ചയുടെ ആഘാതത്തിൽ കാര്യമായ കേടുപാടുകൾ സംഭവിച്ച ബ്ലാക്ക്‌ ബോക്സിൽ നിന്നും റെക്കോർഡറുകൾ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ഏതാനും ദിവസത്തെ തെരച്ചിലിനൊടുവിൽ അന്വേഷണ സംഘത്തിന്‌ ആശ്വാസം പകർന്നു കൊണ്ട്‌ അപകട സ്ഥലത്തുനിന്നും റെക്കോർഡറുകൾ വീണ്ടെടുക്കപ്പെട്ടു.

ഇതിനിടയിൽ അപകടത്തിൽ മരിച്ച യാത്രക്കാരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ വന്നു തുടങ്ങിയിരുന്നു. യാത്രക്കാരെല്ലാം വിമാനം തകർന്നു വീഴുന്നതിനു മുൻപേ മരിച്ചിരുന്നു എന്ന മുൻ നിഗമനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു പുതിയ വിവരങ്ങൾ. യാത്രക്കാരിൽ പലരും വിമാനം തറയിൽ ഇടിച്ചുതകർന്ന ആഘാതത്തിലാണ്‌ കൊല്ലപ്പെട്ടിരിക്കുന്നത്‌. അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ്‌ ഫൈറ്റർ വിമാനങ്ങൾക്ക്‌ ആരെയും ആക്റ്റീവായി കാണാൻ കഴിയാതിരുന്നത്‌ ? ഫൈറ്റർ വിമാനങ്ങളുടെ സാമീപ്യത്തോട്‌ ആരും പ്രതികരിക്കാതിരുന്നത്‌ എന്തുകൊണ്ടാണ്‌ ? പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടാതെ അന്വേഷകർ കുഴങ്ങി.

ഇതിനിടയിൽ അന്വേഷണത്തിൽ നിർണ്ണായകമായ ഒരു വഴിത്തിരിവ്‌ നടത്തിക്കൊണ്ട്‌ പുതിയൊരു വിവരം അന്വേഷണ ഉദ്യാഗസ്ഥർ കണ്ടുപിടിച്ചു. അപകടത്തിന്റെ അവസാന മിനുറ്റുകളിൽ ക്യാപ്റ്റന്റെ സീറ്റിൽ ഉണ്ടായിരുന്നത്‌ ഫൈറ്റ്‌ അറ്റന്റന്റ്‌ ആന്ദ്രേയോസ്‌ പ്രോദ്രോമു ആയിരുന്നു. വിമാനത്തിന്റെ കണ്ട്രോൾ കോളത്തിൽ ( Control Column) നിന്നും കിട്ടിയ ഡി എൻ എ സാമ്പിളിൽ നിന്നും ഇക്കാര്യം അവർ സ്ഥിരീകരിച്ചു. എന്നാൽ പുതിയ കണ്ടെത്തൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. ഒരു ഫ്ലൈറ്റ്‌ അറ്റന്റന്റിന്‌ ക്യാപ്റ്റന്റെ സീറ്റിൽ എന്താണ്‌ കാര്യം. വിമാനത്തിലുള്ള എല്ലാവരും പ്രജ്ഞയറ്റ നിലയിൽ കാണപ്പെട്ടപ്പോൾ ഇയാൾ മാത്രം എങ്ങനെ ബോധത്തോടെ കാണപ്പെട്ടു. എന്തുകൊണ്ട്‌ റേഡിയോ സന്ദേശങ്ങളോട്‌ പ്രതികരിച്ചില്ല. അയാൾ ഒരു അട്ടിമറി നടത്തുകയായിരുന്നോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിച്ചു.

എല്ലാത്തിനുമുള്ള ഉത്തരം ഡേറ്റാ റെക്കോർഡറുകളിൽ ഉണ്ടാവുമെന്ന് അവർ പ്രതീക്ഷിച്ചു.

അന്വേഷണത്തിന്റെ അടുത്തപടിയായി ഉദ്യോഗസ്ഥർ കോക്ക്പിറ്റ്‌ വോയ്സ്‌ റെക്കോർഡുകൾ പരിശോധിച്ചു. അപകടത്തിന്റെ അവസാന മിനിറ്റുകളിൽ രേഖപ്പെടുത്തിയ ശബ്ദ ലേഖനത്തിൽ അന്ദ്രേയോസ്‌ വളരെ നേർത്ത ശബ്ദത്തിൽ Mayday Mayday Mayday എന്ന് പറയുന്നുണ്ടായിരുന്നു. അടിയന്തിര സാഹചര്യങ്ങളിൽ എയർ ട്രാഫിക്ക്‌ കണ്ട്രോളിന്‌ നൽകുന്ന അപായ മുന്നറിയിപ്പ്‌ സന്ദേശമാണ്‌ Mayday. ഇതിൽ നിന്നും വിമാനത്തിൽ അട്ടിമറി ശ്രമങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന് വ്യക്തമായി. എങ്കിലും അപകടത്തിന്റെ യഥാർത്ഥകാരണം അപ്പോഴും ദുരൂഹമായി തന്നെ അവശേഷിച്ചു.

അടുത്ത ഘട്ടം ഫ്ലൈറ്റ്‌ ഡേറ്റാ റെക്കോർഡറിന്റെ പരിശോധനയായിരുന്നു. അതിൽ നിന്നും ഒന്നുരണ്ട്‌ കാര്യങ്ങൾ കൂടി അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ മനസ്സിലായി. അവസാന നിമിഷം വിമാനം ഇടതുവശത്തേക്ക്‌ തിരിഞ്ഞത്‌ ഇടതുവശത്തെ എഞ്ചിൻ ഇന്ധനം വറ്റി നിശ്ചലമായതുകൊണ്ടായിരുന്നു. തുടർന്ന് വലതു വശത്തെ എഞ്ചിനും നിശ്ചലമായി പറക്കാനുള്ള കഴിവ്‌ നഷ്ടപ്പെട്ട്‌ വിമാനം കൂപ്പുകുത്തുകയായിരുന്നു. ഇന്ധനം വറ്റി എന്നതൊഴിച്ചാൽ മറ്റൊരു സാങ്കേതിക തകരാറും ഹീലിയോസ്‌ വിമാനത്തിന്‌ ഉണ്ടായിരുന്നില്ല. അന്വേഷണം വീണ്ടും വഴിമുട്ടി. അപകട-കാരണം എന്തായിരുന്നെന്ന് അറിയുന്നതിനായി ഒരു രാജ്യം മുഴുവൻ അക്ഷമരായി കാത്തിരിക്കുകയാണ്‌. മാധ്യമങ്ങൾ പല ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നുണ്ട്‌. കാര്യമായ തെളിവുകളൊന്നും കിട്ടാതെ അന്വേഷണ ഉദ്യോഗസ്ഥർ കുഴങ്ങി.

ഇതിനിടയിൽ ഹീലിയോസ്‌ എയർ വേയ്സിന്റെ മെയിന്റനൻസ്‌ ഹിസ്റ്ററി പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ മറ്റോരു കാര്യം ശ്രദ്ധിച്ചു. ഫ്ലൈറ്റ്‌ 522 ന്‌ അപകടം സംഭവിക്കുന്നതിന്‌ ഏകദേശം ഒരു വർഷം മുൻപ്‌ ഒരു എമർജ്ജൻസി ലാന്റിംഗ്‌ നടത്തേണ്ടി വന്നിട്ടുണ്ട്‌. യാത്രാ മധ്യേ വിമാനത്തിന്റെ പിൻ വാതിൽ ഇളകിയാടുകയും ക്യാബിൻ പ്രഷർ നഷ്ടപ്പെട്ട്‌ (Rapid decompression) യാത്രക്കാർക്ക്‌ ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്തിരുന്നു. പൈലറ്റ്‌ അടിയന്തിരമായി വിമാനം താഴ്ത്തിയതിനാൽ കൂടുതൽ അപകടത്തിലേക്ക്‌ പോകാതെ സുരക്ഷിതമായി നിലത്തിറങ്ങാൻ സാധിക്കുകയായിരുന്നു. ഇതിന്‌ സമാനമായ ഒരു സംഭവം അപകട ദിവസവും സംഭവിച്ചിരുന്നു. ഏഥൻസിലേക്ക്‌ പറക്കുന്നതിന്‌ മുൻപ്‌ ലാനാർക്ക വിമാനത്താവളത്തിലേക്ക്‌ വരുന്ന വഴി വിമാനത്തിന്റെ പിൻ വാതിലിൽ നിന്നും ചില ശബ്ദങ്ങൾ കേട്ടതായി ക്യാബിൻ ക്രൂ റിപ്പോർട്ടു ചെയ്തിരുന്നു. ഇതേ തുടർന്ന് ഗ്രൗണ്ട്‌ എഞ്ചിനീയർമാർ വാതിലുകൾ പരിശോധിക്കുകയും അവയ്ക്‌ തകരാർ ഒന്നും സംഭവിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എങ്കിലും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ക്യാബിൻ പ്രഷറൈസേഷൻ ടെസ്റ്റും ( Cabin pressurisation Test) അവർ നടത്തിയിരുന്നു.

സാധാരണഗതിയിൽ വിമാനം ഉയരത്തിൽ പറക്കുമ്പോൾ എഞ്ചിനുകൾ വലിച്ചെടുക്കുന്ന വായുവിന്റെ ഒരു ഭാഗം വിമാനത്തിനുള്ളിലേക്ക്‌ പമ്പു ചെയ്താണ്‌ യാത്രക്കാർക്ക്‌ സുരക്ഷിതമായ അന്തരീക്ഷം ക്യാബിനുള്ളിൽ ക്രമീകരിക്കുന്നത്‌. ഉയർന്ന മർദ്ദത്തിലുള്ള ഈ ക്രമീകരണം പെട്ടന്ന് നഷ്ടപ്പെട്ടാൽ യാത്രക്കാരുടെ ജീവന്‌ ഭീഷണിയാവും. വിമാനം പൊട്ടിത്തെറിക്കാനും അത്‌ കാരണമായേക്കും. അത്തരം അപകട സാധ്യതകൾ ഇല്ലെന്ന് ഉറപ്പുവരുത്താനാണ്‌ ക്യാബിൻ പ്രഷറൈസേഷൻ ടെസ്റ്റ്‌ നടത്തിയത്‌. എഞ്ചിനുകൾ പ്രവർത്തിപ്പിക്കാത്ത അവസ്ഥയിൽ വായു ഉള്ളിലേക്ക്‌ പമ്പുചെയ്ത്‌ നിറയ്കുന്നതിനായി വിമാനത്തിന്റെ പ്രഷർ കണ്ട്രോൾ യൂണിറ്റ്‌ ഓട്ടോമാറ്റിക്‌ മോഡിൽനിന്നും മാന്വൽ മോഡിലേക്ക്‌ മാറ്റിയ എഞ്ചിനീയർമാർ വിമാനത്തിന്റെ ഓക്സിലറി പവർ യൂണിറ്റ്‌ പ്രവർത്തി-പ്പിച്ചാണ്‌ ക്യാബിൻ പ്രഷർ ക്രമീകരിച്ചത്‌. തുടർന്ന് പിൻ വാതിലിലൂടെ എയർ ലീക്ക്‌ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അവർ പരിശോധനകൾ അവസാനിപ്പിച്ച്‌ മടങ്ങി. ചുരുക്കത്തിൽ അപകടം നടന്ന ദിവസം ഹീലിയോസ്‌ വിമാനത്തിന്‌ തകരാറുകൾ ഒന്നുമില്ലായിരുന്നു. F16 ഫൈറ്ററുകൾ നിരീക്ഷണത്തിനത്തിയപ്പോഴും വിമാനത്തിന്‌ എന്തേങ്കിലും തകരാർ ഉള്ളതായി കണ്ടിരുന്നില്ല.

അങ്ങനെയിരിക്കേ അന്വേഷണത്തിന്‌ നിർണ്ണായകമായൊരു വഴിത്തിരിവ്‌ നൽകികൊണ്ട്‌ സുപ്രധാനമായ ഒരു തെളിവ്‌ അന്വേഷണ സംഘത്തിന്‌ ലഭിച്ചു. ക്യാബിൻ പ്രഷറൈസേഷൻ കണ്ട്രോൾ പാനൽ ആയിരുന്നു അത്‌. അപകട സ്ഥലത്തുനിന്നും കാര്യമായ തകരാറുകൾ ഒന്നുമില്ലാതെ അത്‌ വീണ്ടെടുക്കാൻ അവർക്ക്‌ കഴിഞ്ഞിരുന്നു. പാനലിലെ കണ്ട്രോൾ സ്വിച്ചുകളുടെ ക്രമീകരണം ശ്രദ്ധിച്ച അന്വേഷണ സംഘത്തിന്‌ ഒരു കാര്യം മനസ്സിലായി. സാധാരണ ഗതിയിൽ ഓട്ടോമാറ്റിക്‌ പ്രഷറൈസേഷൻ മോഡിൽ സെറ്റ്‌ ചെയ്യേണ്ടുന്ന സ്വിച്ച്‌ മാന്വൽ മോഡിലാണ്‌ സെറ്റ്‌ ചെയ്തിരിക്കുന്നത്‌. അങ്ങനെയെങ്കിൽ വിമാനം ഉയരത്തിലേക്ക്‌ പോകും തോറും ക്യാബിൻ പ്രഷർ കുറഞ്ഞുകൊണ്ടിരിക്കും. പ്രഷർ ക്രമീകരിക്കാൻ വൈമാനികർ ശ്രദ്ധിച്ചില്ലെങ്കിൽ യാത്രക്കാർക്ക്‌ ശ്വാസം കിട്ടാത്ത അവസ്ഥ-യുണ്ടാകും. സാധാരണഗതിയിൽ മാന്വൽ പ്രഷറൈസേഷൻ മോഡിൽ വിമാനങ്ങൾ പറക്കാറില്ല. അപ്പോൾ ഇതെങ്ങനെ സംഭവിച്ചു. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി അന്വേഷണ സംഘം ഗ്രൗണ്ട്‌ എഞ്ചിനീയർ-മാരുമായി സംസാരിച്ചു. അന്നേ ദിവസം നടത്തിയ ക്യാബിൻ പ്രഷറൈസേഷൻ ടെസ്റ്റിനിടയിൽ എഞ്ചിനീയർമാർ കണ്ട്രോൾ സ്വിച്ചുകൾ മാന്വൽ മോഡിലേക്ക്‌ മാറ്റിയിരുന്നു. എന്നാൽ ടെസ്റ്റുകൾ പൂർത്തിയാക്കി മടങ്ങാൻ നേരം ഇവ തിരികെ ഓട്ടോമാറ്റിക്‌ മോഡിലേക്ക്‌ മാറ്റാൻ അവർ ശ്രദ്ധിച്ചിരുന്നില്ല. ഗുരുതരമായ ഒരു പിഴവ്‌.. മണിക്കൂറുകൾക്ക്‌ ശേഷം യാത്രയ്കുള്ള തയ്യാറെടുപ്പുകൾ നടത്തിയപ്പോൾ ക്യാപ്റ്റനോ സഹ വൈമാനികനോ ഈ പാളിച്ച ശ്രദ്ധിച്ചുമില്ല. ഫലമോ.. വിമാനം പറന്നുയർന്ന് അധികം കഴിയുന്നതിനുമുൻപ്‌ തന്നെ മുന്നറിയിപ്പ്‌ അലാറങ്ങൾ ശബ്ദിച്ചു തുടങ്ങി. പ്രശ്നം എന്താണെന്ന് തിരിച്ചറിയുന്നതിനു മുൻപേ പ്രാണവായുവിന്റെ അഭാവം അവരെ ബോധരഹിതരാക്കി.

ഹീലിയോസ്‌ വിമാനത്തിന്‌ സംഭവിച്ചത്‌ എന്താണെന്ന് ഏകദേശം വ്യക്തമായെങ്കിലും ചോദ്യങ്ങൾ പിന്നേയും അവശേഷിച്ചു. ഫൈറ്റർ വിമാനങ്ങൾ നിരീക്ഷത്തിനെത്തുമ്പോൾ യാത്രക്കാരും വിമാന ജീവനക്കാരുമടക്കം എല്ലാവരും ബോധരഹിതർ ആയിരുന്നെങ്കിലും ആന്ദ്രേയോസ്‌ മാത്രം എങ്ങനെ കുഴപ്പമില്ലാതെ പിടിച്ചുനിന്നു ?

ഓപ്പറേഷൻ സെന്ററിലെ ഉദ്യോഗസ്ഥർ ക്യാബിൻ പ്രഷറൈസേഷനെപ്പറ്റി ആവർത്തിച്ച്‌ ചോദിക്കുന്നത്‌ സി വി ആർ റെക്കോർഡിങ്ങിൽ വ്യക്തമായി കേൾക്കാനാവുന്നുണ്ട്‌. എന്തുകൊണ്ട്‌ പൈലറ്റുമാർക്ക്‌ തക്ക സമയത്ത്‌ അത്‌ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല ?

ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ അസാധാരണമായ ഒരു പരീക്ഷണം നടത്തുവാൻ തീരുമാനിച്ചു. അപകടം നടന്ന് ഏകദേശം നാലുമാസത്തിനുശേഷം മറ്റൊരു ബോയിംഗ്‌ 737 വിമാനത്തിൽ ഹീലിയോസ്‌ 522 സഞ്ചരിച്ച പാതയിൽ സമാനമായ സാഹചര്യങ്ങൾ പുനഃസൃഷ്ടിച്ചുകൊണ്ട്‌ ഒരു പരീക്ഷണ യാത്ര സംഘടിപ്പിച്ചു. തങ്ങളുടെ നിഗമനങ്ങൾ ശരിയാണെങ്കിൽ ഹീലിയോസിൽ സംഭവിച്ച പ്രശ്നങ്ങൾ എല്ലാം പരീക്ഷണ വിമാനത്തിലും ആവർത്തിക്കും. അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി എല്ലാ മുൻകരുതലുകളും എടുത്തിട്ടായിരുന്നു പരീക്ഷണപ്പറക്കൽ. അങ്ങനെ മാന്വൽ ക്യാബിൻ പ്രഷറൈസേഷൻ ക്രമീകരണവുമായി അവർ പറന്നുയർന്നു. സിസ്റ്റം മാന്വലിൽ ആണ്‌ സെറ്റ്‌ ചെയ്തിരിക്കുന്നതെന്ന് മുന്നറിയിപ്പ്‌ നൽകുന്ന ഒരു ചെറിയ പച്ചലൈറ്റ്‌ കണ്ട്രോൾ പാനലിൽ തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു. എന്നാൽ ഇത്‌ ശക്തമായ സൂര്യപ്രകാശമുള്ളപ്പോൾ ശ്രദ്ധയിൽ പെടാൻ പ്രയാസമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിരീക്ഷിച്ചു.

ഹീലിയോസിലെ വൈമാനികർക്കും അതേ ബുദ്ധിമുട്ട്‌ നേരിട്ടിരിക്കാം. വിമാനം ഉയരത്തിലേക്ക്‌ പോകുംതോറും ക്യാബിൻ പ്രഷർ നാടകീയമായി കുറഞ്ഞുകൊണ്ടിരുന്നു. ഒപ്പം പ്രഷറൈസേഷൻ വാണിംഗ്‌ അലാറവും ശബ്ദിച്ചുതുടങ്ങി. ഇവിടെ മറ്റൊരു കാര്യം കൂടി വ്യക്തമായി. ക്യാബിൻ പ്രഷറൈസേഷൻ വാണിംഗ്‌ ശബ്ദവും ടേക്കോഫ്‌ കോൺഫിഗറേഷൻ വാണിംഗ്‌ ശബ്ദവും ഏകദേശം ഒരുപോലെയാണ്‌. ഇവയിൽ ഏതാണ്‌ ശബ്ദിക്കുന്നതെന്ന് തിരിച്ചറിയുക പ്രയാസമാണ്‌. Cabin pressurisation warning വിരളമായി മാത്രം സംഭവിക്കുന്ന കാര്യമായതിനാൽ പൈലറ്റുമാർ അത്‌ Takeoff Config Warning ആയി തെറ്റിദ്ധരിച്ചു. ഓപ്പറേഷൻ സെന്ററുമായി സംസാരിച്ച സമയം മുഴുവൻ അവർ ടേക്കോഫ്‌ കോൺഫിഗ്‌ വാണിംഗിനെക്കുറിച്ചാണ്‌ സംസാരിച്ചത്‌. ഇതിനിടയിൽ ശബ്ദിച്ച മാസ്റ്റർ കോഷൻ അലാറവും ശരിയായ രീതിയിൽ മനസ്സിലാക്കാൻ വൈകി യതോടെ പ്രാണവായുവിന്റെ അഭാവം വൈമാനികരുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു. പാസഞ്ചർ ക്യാബിനിൽ പ്രവർത്തന സജ്ജമായതുപോലെ ഓക്സിജൻ മാസ്കുകൾ കോക്പിറ്റിൽ പ്രവർത്തിച്ചതുമില്ല. അർദ്ധബോധാവസ്ഥയിൽ ഓപ്പറേഷൻ സെന്ററിൽ നിന്നുള്ള നിർദ്ധേശങ്ങൾ-ക്കനുസരിച്ച്‌ പ്രവർത്തിക്കുവാൻ പൈലറ്റുമാർക്ക്‌ കഴിയാതെ വന്നു.

പ്രത്യക്ഷത്തിൽ നിസ്സാരമെന്ന് തോന്നാവുന്ന ഒരു പിഴവ്‌, കൃത്യസമയത്ത്‌ കണ്ടെത്തി പരിഹരിക്കുന്നതിൽ സംഭവിച്ച വീഴ്ച 121 മനുഷ്യ ജീവനുകൾ ബലികഴിച്ചു. വിമാന ദുരന്തങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു അപകടമായിരുന്നു ഹീലിയോസ്‌ എയർ വേയ്സ്‌ ഫ്ലൈറ്റ്‌ 522 ന്‌ സംഭവിച്ചത്.

------------------------------------------

ആന്ദ്രേയോസിന്റെ പോരാട്ടം.

വിമാനത്തിന്‌ സംഭവിച്ചത്‌ എന്താണെന്ന് മനസ്സിലായെങ്കിലും അന്ദ്രേയോസ്‌ എങ്ങനെ അത്രയും സമയം അപകടമില്ലാതെ പിടിച്ചുനിന്നു എന്ന് അപ്പോഴും വ്യക്തമല്ലായിരുന്നു. അതിനുള്ള ഉത്തരം കിട്ടിയത്‌ നാല്‌ ഓക്സിജൻ സിലിണ്ടറുകളുടെ കണ്ടെത്തലോടുകൂടിയായിരുന്നു. ഓക്സിജൻ മാസ്കുകൾക്ക്‌ പത്തുമിനിറ്റ്‌ നേരത്തേക്കുള്ള വായു ഉത്പ്പാദിപ്പിക്കാനേ ശേഷിയുള്ളു. അതിനപ്പുറം നീളുന്ന അടിയന്തിര സാഹചര്യങ്ങളിൽ വിമാനജീവനക്കാർക്ക്‌ ഉപയോഗിക്കുന്നതിനായി നാല്‌ ചെറിയ ഓക്സിജൻ സിലിണ്ടറുകൾ വിമാന-ത്തിലുണ്ടായിരുന്നു. വിമാനാവഷിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയ നാലിൽ മൂന്നു സിലിണ്ടറുകളും ഉപയോഗിച്ച നിലയിലായിരുന്നു എന്നതും അവയിൽ നിന്നും കണ്ടെത്തിയ ഡി എൻ എ സാമ്പിളുകളിൽ നിന്ന് അന്ദ്രേയോസാണ് അവ ഉപയോഗിച്ചിരുന്നത് എന്നും വ്യക്തമായി. അബോധാവസ്ഥയിലുള്ള തന്റെ പ്രണയിനിയെ രക്ഷിക്കാനാവും അയാൾ കൂടുതൽ ശ്രമിച്ചിട്ടുണ്ടാവുക.

അത്‌ നിഷ്ഫലമാണെന്ന് മനസ്സിലായപ്പോൾ കോ-പൈലറ്റ്‌ കാരലംപോസിനെ രക്ഷിക്കാൻ ശ്രമിച്ചിരിക്കണം. ഓക്സിജൻ സിലിണ്ടറുകളിൽ ഒന്നിൽ നിന്നും കാരലംപോസിന്റെ ഡി എൻ ഏ സാമ്പിൾ കണ്ടെത്തിയിരുന്നു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാവാം അന്ദ്രേയോസ്‌ ക്യാപ്റ്റന്റെ സീറ്റിൽ ഇരുന്ന് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ തുനിഞ്ഞത്‌. റേഡിയോ അപ്പോഴും സൈപ്രസ്സ്‌ വിമാനത്താവളത്തിലെ ഫ്രീക്വസിയിലായിരുന്നു സെറ്റ്‌ ചെയ്തിരുന്നത്‌. അതിനാലാണ് അന്ദ്രേയോസിന്റെ സഹായാഭ്യർത്ഥന ആരും കേൾക്കാതെപോയത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം