Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

സോനാഗഛിയിലെ രതിജീവിതങ്ങള്‍ (സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ വേശ്യാതെരുവിൽ നടത്തിയ യാത്രയുടെ അനുഭവങ്ങൾ ...)

2010 ജനുവരിയിലെ ഒരു വൈകുന്നേരത്ത് കാഠ്മണ്ഡുവിലെ ഒരു പബ്ബില്‍ വെച്ചാണ് ഞാന്‍ അവളെ കണ്ടത്. ശ്രീബുദ്ധന്‍റെ മുഖത്ത് കാണുന്ന ശാന്തതയും സൗമനസ്യവും സ്ഫുരിക്കുന്ന ഭാവം. ഞങ്ങള്‍ക്ക് വേണ്ട പാനീയങ്ങളും ഭോജ്യങ്ങളും തരുന്നതിനിടയില്‍ തോന്നിയ ഒരു അടുപ്പത്തിനിടയില്‍ അവള്‍ തന്‍റെ സങ്കടങ്ങള്‍ പറഞ്ഞു. കാഠ്മണ്ഡുവിലെ ഒരു മലമുകളിലാണ് എന്‍റെ വീട്. കുറച്ചു നാളുകള്‍ക്കു മുമ്പ് അച്ഛനും അമ്മയും മണ്ണിടിച്ചിലില്‍ മരണപ്പെട്ടു. അവളുടെ ഗ്രാമത്തിലെ ഒരു പ്രധാനിയാണ് അവളെ ഇവിടെ, ഈ വിനോദഗേഹത്തില്‍ എത്തിച്ചത്.
യുവതീയുവാക്കള്‍ തങ്ങളുടെ നിമ്നോന്നതങ്ങളില്‍ രമിച്ചും ആനന്ദത്തില്‍ ആടുകയും പാടുകയും ചെയ്യുന്ന ഇടം. ആഘോഷരാവുകള്‍ക്ക് നിറം പകരാനായി അണിഞ്ഞൊരുങ്ങി മാദക നൃത്തമാടുന്ന നര്‍ത്തകികള്‍, മദ്യത്തിന്‍റെ രൂക്ഷഗന്ധം, പക്ഷെ അവള്‍ എല്ലാത്തില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കുകയാണ്.
അടുത്ത ആഴ്ച എന്നെ കല്‍ക്കത്തയിലേയ്ക്ക് കൊണ്ടുപോകും. എനിക്ക് ഈ ജോലി ഇഷ്ടമല്ലെന്ന് അവള്‍ വിഷമത്തോടെ പറഞ്ഞു. എനിക്ക് പഠിക്കണം, ടീച്ചറാകണം, എന്നെ ഇവിടെ നിന്ന് നിങ്ങള്‍ കൊണ്ടു പോകുമോ എന്ന് വല്ലാത്ത വിഷമത്തോടെ, എന്നാല്‍ പ്രതീക്ഷയോടെ അവള്‍ പെട്ടെന്ന് ഞങ്ങളോട് ചോദിച്ചപ്പോള്‍ ഞാനും എന്‍റെ സുഹൃത്ത് സിബിയും വല്ലാത്ത വിഷമവൃത്തത്തിലായി. ഒരു തൊന്തരവില്‍ ചെന്ന് ചാടാന്‍ ഞങ്ങള്‍ ഒരുക്കമല്ലായിരുന്നു. കാരണം ഞങ്ങളുടെ സൂക്ഷ്മചലനങ്ങള്‍ പോലും നിരീക്ഷിക്കുന്ന ദല്ലാളന്മാര്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. മനുഷ്യകടത്തിന്‍റെ ഭീകരമുഖമാണിത്. നിഷ്കളങ്കരായ ബാലികമാരുടെ എല്ലുറയ്ക്കാത്ത ശരീരം പിച്ചിച്ചീന്തുന്ന കാമഭ്രാന്തന്മാര്‍.
കല്‍ക്കത്തയിലെ സോനാഗഛിയിലെത്തിയപ്പോള്‍ 6 വര്‍ഷം മുമ്പുണ്ടായ ഈ സംഭവം ഞാന്‍ ഓര്‍ത്തു.
നൈരാശ്യവും ഞരമ്പ് രോഗവും കപട സദാചാരവുമുള്ള ഒരു ജനതയുടെ പ്രതിനിധിയായാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. എന്നിലുള്ള ഒരു വിടന്‍റെ മനസ്സിനെ ഞാന്‍ ശപിച്ചു. മലയാളിയുടെ സദാചാരബോധം രഹസ്യമായി എന്തുമാകാം എന്നതാണല്ലോ?
സോനാഗഛി ഒരു വലിയ ഇടമാണ്. പഴകി ദ്രവിച്ച കെട്ടിടങ്ങള്‍, അതിനു ചുറ്റും ചെറിയ ചെറിയ തീനിടങ്ങള്‍, നിരവധി ചെറു കച്ചവട സ്ഥാപനങ്ങള്‍, ദുര്‍ഗന്ധം വമിക്കുന്ന കാനകള്‍, ജനാലയിലൂടെ കൈകള്‍ പുറത്തേയ്ക്കിട്ട് മാടിവിളിക്കുന്ന അഭിഗമ്യകള്‍, പ്രലോഭനീയമായ ക്ഷണവുമായി പിന്നാലെ വരുന്ന പിമ്പുകള്‍, ഞങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ രണ്ട് പേര്‍ പുറകെ വന്ന് അമ്പത് മുതല്‍ അഞ്ഞൂറ് വരെയാണ് ഒരു മണിക്കൂര്‍ നേരത്തെ രതികേളികള്‍ക്കുള്ള പ്രതിഫലമെന്ന് വിലപേശി.

കല്‍ക്കത്തയിലെ ഞങ്ങളുടെ കൂട്ടുകാരി തനുശ്രീ ബാനര്‍ജി കൂടെയുണ്ടായിരുന്നതിനാല്‍ പരിക്കൊന്നും കൂടാതെ, ലൈംഗിക തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയായ ദുര്‍ബാര്‍ മഹിളാ സമന്വയ കമ്മിറ്റിയുടെ ഓഫീസിലെത്തി. അവിടെ ഞങ്ങളെ കാത്ത് സാമൂഹിക പ്രവര്‍ത്തക കസ്തൂരി മുഖര്‍ജിയും സയന്‍റിസ്റ്റും നിരന്തര യാത്രികയുമായ അനുഷ്കയും ഉണ്ടായിരുന്നു. സംവാദത്തിന്‍റേതായ ഒരു അന്തരീക്ഷം ഉണ്ടായിരുന്നു അവിടെ.
2016 ജനുവരിയിലെ ഒരു സന്ധ്യ നേരത്ത് ഡല്‍ഹിയിലെ വസന്ത്കുഞ്ചില്‍ വെച്ച് ഒരു വഷളന്‍ എന്‍റെ ചൂചുകങ്ങളില്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവന്‍റെ ജനനേന്ദ്രിയത്തിന് ശക്തമായ ഒരു പ്രഹരം നല്‍കാന്‍ എനിക്ക് സാധിച്ചു. ആയോധന കലകളില്‍ പരിശീലനം നേടിയ എനിക്ക് മൂന്നോ നാലോ ആരോഗ്യദൃഢഗാത്രരെ ഒറ്റയ്ക്ക് നേരിടാന്‍ കരുത്തുണ്ടെന്ന് അനുഷ്ക അഭിമാനത്തോടെ പറഞ്ഞു.
തന്‍റെ ബാഗില്‍ നിന്നും കോണ്ടം പുറത്തെടുത്തുകൊണ്ട് അനുഷ്ക തുടര്‍ന്നു, എന്നാല്‍ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളിലൂള്ള തിരിച്ചറിവിലൂടെയാണ് എന്‍റെ ഓരോ യാത്രയും. തികച്ചും നിസ്സഹായമായ അവസ്ഥയില്‍ മാനഭംഗത്തിനിരയാകേണ്ടിവന്നാല്‍ ഈ കോണ്ടം ഉപയോഗിക്കാന്‍ ഞാന്‍ അവരോട് അഭ്യര്‍ത്ഥിക്കും.

ഇത്തരം വേശ്യാലയങ്ങള്‍ നിലനിര്‍ത്തുന്നത് സ്ത്രീകളുടെ അടിമത്തം അടിവരയിടുന്ന ഒന്നല്ലേയെന്ന് ഞാന്‍ ആശങ്കപ്പെട്ടു. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു അഭിപ്രായമാണ് അവര്‍ക്കുണ്ടായിരുന്നത്.
ലൈംഗിക തൊഴില്‍ നമ്മുടെ സമൂഹത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒരു അവസ്ഥയാണെന്ന് കസ്തൂരി ബസു അഭിപ്രായപ്പെട്ടു. ഭക്ഷണം പോലെ മനുഷ്യന്‍ വികസിപ്പിച്ചെടുത്ത മേഖലയാണ് രതിയും. ലൈംഗികത വംശവര്‍ദ്ധനവുമായി ബന്ധപ്പെട്ട പ്രക്രിയ മാത്രമല്ല, മറിച്ച് ഇനിയും വികസിച്ചു തീര്‍ന്നിട്ടില്ലാത്ത ആസ്വദിക്കപ്പെടേണ്ട അനന്ത രുചിയുടെ ഒരു കൂട്ട് ആണ്. ലൈംഗികതയുടെ മണ്ഡലം വളരെ വൈവിധ്യം നിറഞ്ഞതാണ്. ഉഭയസമ്മത പ്രകാരം നടത്തുന്ന വേഴ്ചകള്‍, അത് ആണും ആണും, പെണ്ണും പെണ്ണും തമ്മിലും അല്ലാത്തവര്‍ തമ്മിലും നടത്തുന്നതും നിയമമാക്കണം. പ്രായപൂര്‍ത്തിയായ ഒരാള്‍ സ്വന്തം ഇഷ്ടപ്രകാരം ഈ തൊഴിലിലേയ്ക്ക് വരുന്നതു മാത്രമേ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുള്ളൂ. മറ്റെല്ലാം നിരുത്സാഹപ്പെടുത്തേണ്ടതാണ്. രതി നിഷേധിക്കപ്പെട്ടവര്‍- കണ്ണില്ലാത്തവരും, വൈകല്യമുള്ളവരും, വിരൂപരും, വ്യത്യസ്തത ആഗ്രഹിക്കുന്നവരുമെല്ലാം ഈ കൂട്ടത്തില്‍ ഉണ്ട്. അവരുടെ ലൈംഗിക ആവശ്യങ്ങളെക്കുറിച്ച് ആരെങ്കിലും ആകുലപ്പെടാറുണ്ടോ എന്ന് കസ്തൂരി ചോദിച്ചു.
പുരുഷന്‍റെ ബീജം വളരുന്ന നിലം മാത്രമാണ് ഭാര്യ എന്നാണ് ഇന്ത്യന്‍ സങ്കല്‍പം. അതുകൊണ്ടുതന്നെ പിതൃത്വത്തെ ചൊല്ലി മാത്രമാണ് സദാചാരം നിലനില്‍ക്കുന്നത്. ചാരിത്ര്യം സ്ത്രീക്ക് മാത്രം മതിയല്ലോ? ഭാര്യമാരെ ബലാല്‍സംഗം ചെയ്യാത്ത ഭര്‍ത്താക്കന്മാര്‍ വിരളമാണ്. അങ്ങനെ ബലാല്‍സംഗം ചെയ്യുന്ന ഒരുവന്‍റെ കൂടെ ജീവിതകാലം മുഴുവന്‍ കഴിയേണ്ടി വരുന്നു. സ്വര്‍ണ്ണവും പണവും കൊടുത്ത് വാങ്ങിയ പുരുഷന്‍റെ അടിമയാകുന്ന സ്ത്രീകള്‍. പണത്തിന്‍റെ മുകളില്‍ മാത്രമാണ് ഭാര്യഭര്‍തൃ ബന്ധം നിലനില്‍ക്കുന്നത്.

എന്നിരുന്നാലും പണം കൊടുത്തു രതിയിലേര്‍പ്പെടുന്നത് ശരിയാണോയെന്ന് ഞാന്‍ വീണ്ടും സന്ദേഹപ്പെട്ടു.
എല്ലാ സേവനങ്ങളും ആവിഷ്കാരങ്ങളും വാണിജ്യവത്കരിക്കപ്പെട്ട സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സിനിമ-മോഡല്‍ താരങ്ങള്‍ സ്വന്തം മേനി പ്രദര്‍ശിപ്പിച്ച് പണം വാങ്ങുന്നു. യോഗയും ധ്യാനവും ആത്മീയതയും ആതുര ചികിത്സയും എല്ലാം ഇവിടെ വില്‍ക്കുന്നു. അങ്ങനെയെങ്കില്‍ ലൈംഗികത മാത്രം എന്തിന് മാറ്റി നിര്‍ത്തണം? ഒരു ഡോക്ടറിന്‍റേയോ വക്കീലിന്‍റേയോ അദ്ധ്യാപകന്‍റേയോ മറ്റേത് തൊഴില്‍ പോലെയും സേവനം നല്‍കുന്ന മേഖലയാണ് ലൈംഗിക തൊഴിലും…
ലൈംഗിക തൊഴില്‍ അപമാനകരമാക്കുന്നത് തൊഴില്‍ സാഹചര്യങ്ങളാണ്. നിയമപരമായി കുറ്റകരമാക്കുന്നതും വെറുപ്പുളവാക്കുന്ന സാഹചര്യങ്ങളില്‍ അല്ലെങ്കില്‍ ഇടങ്ങളില്‍ രഹസ്യമായി ചെയ്യുന്നതു കൊണ്ടുമാണ്.
നമ്മള്‍ ഇഷ്ടമുള്ള ഒരാള്‍ക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യുന്നതും പാട്ടു പാടുന്നതും നൃത്തം ചെയ്യുന്നതും മറ്റുള്ളവര്‍ പ്രോത്സാഹിപ്പിക്കുമെങ്കില്‍ അയാള്‍ക്ക് സ്നേഹത്തോടെ തന്‍റെ ശരീരം നല്‍കുന്നതില്‍ എന്താണ് തെറ്റ് എന്ന് നമ്മുടെ സമൂഹം ചിന്തിക്കാത്തതെന്താണ്? കസ്തൂരി മുഖര്‍ജി ചോദിച്ചു.
പലരുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അപകടകരമല്ലേ എന്ന ചോദ്യത്തിന് കസ്തൂരിക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നു. അപകടകരമായ ജീവിതസാഹചര്യമുള്ള പല തൊഴിലുകളുമുണ്ട്, ഒരു ഡ്രൈവര്‍, പൈലറ്റ്, ഉയരങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍, മെക്കാനിക്കല്‍ രംഗത്തുള്ളവര്‍ തുടങ്ങി ഒട്ടനവധി അപകടസാധ്യതകളുള്ള തൊഴില്‍ മേഖലകള്‍ നമ്മുടെ രാജ്യത്തുണ്ട്. ശ്രദ്ധാപൂര്‍വ്വമോ, സുരക്ഷിത സംവിധാനങ്ങള്‍ ഉപയോഗിച്ചോ തൊഴിലെടുത്താല്‍ അപകട സാഹചര്യങ്ങള്‍ ഒഴിവാക്കാമെന്ന പോലെ സുരക്ഷിത രതി പരിശീലിച്ചാല്‍ മതി. സ്വന്തം ശരീരത്തില്‍ ആധിപത്യമുള്ള സ്ത്രീക്ക് താന്‍ ആരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തീരുമാനിക്കാന്‍ കഴിയും.
രതിക്ക് ആദ്ധ്യാത്മിക പ്രാധാന്യം നല്‍കുന്ന ഒരു സംസ്ക്കാരം നമുക്കുണ്ടായിരുന്നുവെന്ന് അനുഷ്ക അഭിപ്രായപ്പെട്ടു. കാമകലകളെക്കുറിച്ച് വളരെ വിശദമായ പ്രതിപാദനം നടത്തിയ, പുസ്തകം രചിച്ച വാത്സ്യായനന്‍റെ നാടാണിത്. താന്ത്രിക അനുഷ്ഠാനങ്ങളില്‍ രമിക്കാന്‍ നിയോഗിക്കപ്പെട്ട സ്ത്രീകള്‍, രതി- ജ്ഞാന ദീപ്തിയിലേയ്ക്കുള്ള പാതയാണെന്ന് പഠിപ്പിക്കുന്ന അനുശാസനങ്ങള്‍, വ്യത്യസ്ത പങ്കാളികളുമായി രതി പരീക്ഷണങ്ങളിലും സ്വച്ഛന്ദ രതിയിലും പരിശീലനം കൊടുക്കുന്ന പൂജാരികള്‍, രതിമൂര്‍ച്ഛയ്ക്ക് വേണ്ടി രതിലീലയെ പരമാവധി ദീര്‍ഘിപ്പിക്കാന്‍ വേണ്ടി രഹസ്യവിധികള്‍ അഭ്യസിപ്പിക്കുന്ന താന്ത്രിക ആചാര്യന്മാരുമൊക്കെ സനാതന ഹിന്ദു മതത്തിലുണ്ട്. പരമ്പരാഗതമായ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ഭോഗസമുദായങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. ദേവദാസികള്‍ ക്ഷേത്രങ്ങളിലാണ് താമസിച്ചിരുന്നത്. ക്ഷേത്രത്തില്‍ ആടുകയും പാടുകയും ചെയ്തിരുന്ന ഈ ഗണികകള്‍ സമൂഹത്തില്‍ ഉന്നതസ്ഥാനം അലങ്കരിച്ചിരുന്നു. സനാതന ഹിന്ദുമതത്തിന്‍റെ വക്താക്കള്‍ യോഗയും ധ്യാനവും മഹത്വവത്കരിച്ചതുപോലെ ഈ ആര്‍ഷഭാരത പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും രതിശാലകള്‍ എല്ലാ നഗരങ്ങളിലും സ്ഥാപിക്കാന്‍ നടപടി എടുക്കുകയും വേണം. ഇതിലൂടെ ബലാത്സംഗങ്ങളും കുറ്റകൃത്യങ്ങളും ഒഴിവാക്കാനാകും. അനുഷ്ക തുറന്നടിച്ചു.
അവരോട് യാത്ര പറഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങി തെരുവിലൂടെ നടക്കുമ്പോള്‍ ഒരു നിര്‍വ്വികാരത തോന്നി. പക്ഷെ അവരുടെ അഭിപ്രായങ്ങള്‍ തീക്ഷ്ണവും അലംഘനീയവുമായിരുന്നു.
സോനാഗഛിയുടെ അന്തഗൃഹങ്ങളില്‍ എവിടെയോ ചില രോദനങ്ങള്‍ നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? എത്രയോ പേരുടെ ഉന്മാദരാവുകള്‍ക്ക് നിറം പകര്‍ന്നവരുടെ, ആവേശോര്‍ജ്ജമുള്ള മാനസികാവസ്ഥ അനുഭവിച്ച് പുലമ്പുന്നവരുടെ, ആത്മരതിയും ആഹ്ളാദ ഉന്മാദങ്ങളും വിഷാദപാരവശ്യങ്ങളും ബാധിച്ചവരുടെ, വിഭ്രാന്തിയുടെ വേലിക്കെട്ടുകളിലേയ്ക്ക് ഊളിയിട്ട് ഉന്മാദം അനുഭവിക്കുന്നവരുടെ, ജരാനര ബാധിച്ച്, രോഗത്തിലും വേദനയിലും പിടയുന്ന ഉടലിന്‍റെ ഞരക്കം അവിടെ നിന്ന് ഉയരുന്നുണ്ട്.
പലരുമായി രതിയിലേര്‍പ്പെട്ട് സന്തോഷവും ജീവിതസാഫല്യവും അനുഭവിക്കുന്നവരും അതൊരു തൊഴിലായി തൊഴിലായി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവരും ഉണ്ടാകും. അവര്‍ അങ്ങനെ ചെയ്യട്ടെ. എന്നാല്‍ കാഠ്മണ്ഡുവിലെ മലമുകളില്‍ നിന്ന് വന്ന പെണ്‍കുട്ടി ഇവിടെ എവിടെയെങ്കിലുമുണ്ടാകുമോ അതോ അവള്‍ക്കിഷ്ടപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ലഭിച്ചോ എന്ന് ആശങ്കപ്പെട്ട് സോനാഗഛിയുടെ തെരുവില്‍ നിന്ന് ലോകത്തിന്‍റെ മറ്റൊരു ഇടത്തിലേയ്ക്ക് ഞാനിറങ്ങി.
For original Post click here
written by PRASAD AMORE PRASAD Prasad Amore

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം