Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ചെകുത്താന്റെ കടൽ

അലയടങ്ങാത്ത കടലിലൂടെയാണ് യാത്ര; അൽപം ദൂരെ മാറിയാണ് ‘ചെകുത്താന്റെ കടൽ’ എന്നറിയപ്പെടുന്ന ആ ഭാഗം. അവിടേക്ക് നോക്കാൻ പോലും ഭയമാണിന്ന് നാവികർക്ക്. ഇതിനോടകം ചെകുത്താന്റെ കടൽ വലിച്ചെടുത്തിരിക്കുന്നത് അത്രയേറെ കപ്പലുകളെയാണ്. ആകാശത്തു കൂടെ പോകുന്ന വിമാനങ്ങളെയും വെറുതെ വിടില്ല. ആ ഭാഗങ്ങളിൽ തകർന്നു വീണ വിമാനങ്ങളും ഒട്ടേറെ. അപകടകാരികളായ 12 ചുഴികളെ (വൈൽ വോർട്ടെക്സ്) ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ഏറ്റവും കുപ്രസിദ്ധമായത് ബർമുഡ ട്രയാംഗിളാണ്. അത്രത്തോളം തന്നെ ഭീതിദമാണ് ജാപ്പനീസ് തീരത്തെ ഡെവിൾസ് സീ അഥവാ ഡ്രാഗൺസ് ട്രയാംഗിൾ (Ma-no Umi)എന്നറിയപ്പെടുന്ന സ്ഥലവും.

പസഫിക് സമുദ്രത്തിൽ മിയാകി ദ്വീപിനെ ചുറ്റി കാണപ്പെടുന്ന ഭാഗമാണിത്. ടോക്കിയോവില്‍ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ. എന്നാൽ കൃത്യമായി ഇന്നും ഡ്രാഗൺസ് ട്രയാംഗിൾ അടയാളപ്പെടുത്തിയിട്ടില്ലെന്നതാണു സത്യം. എങ്കിലും ഏകദേശ സൂചനകളനുസരിച്ച് ജാപ്പനീസ് സർക്കാർ തന്നെ നിർദേശം നൽകിയിട്ടുണ്ട്–  ഡ്രാഗൺസ് ട്രയാംഗിൾ വഴിയുള്ള യാത്ര സൂക്ഷിച്ചു വേണം. കാരണം സർക്കാരിനു തന്നെ അനുഭവമുണ്ട്. ജപ്പാന്റെ എണ്ണം പറഞ്ഞ കപ്പലുകളിലൊന്നും അതിലെ മുപ്പതോളം പേരെയുമാണ് ചെകുത്താന്റെ കടൽ ഒരിക്കൽ ഇല്ലാതാക്കിയത്.
ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപേ തന്നെ കടൽ യാത്രികരുടെ പേടിസ്വപ്നമായിരുന്നു ഡ്രാഗൺസ് ട്രയാംഗിൾ എന്നത് പല യാത്രാവിവരണങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ജപ്പാനും ബോനിൻ ദ്വീപസമൂഹവും ചേർന്നാണ് ഇതിന് ത്രികോണസ്വഭാവം നൽകുന്നത്. ഫിലിപ്പീൻ കടലിന്റെ ഒരു ഭാഗവും ഇതോടൊപ്പം ചേരുന്നുണ്ട്. പഴയകാലത്ത് ചൈനീസ് നാവികര്‍ വിശ്വസിച്ചിരുന്നിരുന്നത് കടലിലെ ഈ പ്രത്യേക ഭാഗത്ത് ഒരു വമ്പൻ വ്യാളി ഒളിച്ചിരിപ്പുണ്ടെന്നാണ്. അതിന്റെ വിശപ്പടക്കാനായാണ് കപ്പലുകളെ വലിച്ചെടുക്കുന്നതെന്നും വിശ്വാസം. അങ്ങനെയാണ് ഡ്രാഗൺസ് ട്രയാംഗിൾ എന്ന പേരും ലഭിക്കുന്നത്.
Devil's Sea
ചൈനയെ കീഴടക്കി മുന്നേറിയ മംഗോളിയൻ പോരാളി കുബ്ലായ് ഖാന്റെ ജപ്പാനിലേക്കുള്ള പടയോട്ടം തടഞ്ഞതിലും ഈ ട്രയാംഗിളിനു പങ്കുണ്ട്. ചെങ്കിസ്ഖാന്റെ കൊച്ചുമകനായ ഇദ്ദേഹം എഡി 1200കളിൽ പല തവണ ജപ്പാനിലേക്ക് കപ്പൽപ്പടയെ നയിച്ചെങ്കിലും ഒരു തവണ പോലും ‘ചെകുത്താന്റെ കടൽ’ കടക്കാനായില്ല. അതുവഴി നഷ്ടപ്പെട്ടതാകട്ടെ ഒട്ടേറെ കപ്പലുകളും 40,000ത്തോളം പടയാളികളെയും. 1800കളിൽ പ്രദേശത്തെപ്പറ്റി മറ്റൊരു കഥയിറങ്ങി. ഇതുവഴി പോകുന്ന നാവികരുടെ മുന്നിൽ ഒരു കപ്പൽ പ്രത്യക്ഷപ്പെടുന്നത് പതിവായി. അതിൽ മറ്റാരുമില്ല, തങ്ങളെത്തന്നെ നോക്കി നിൽക്കുന്ന ഒരു സ്ത്രീ മാത്രം! ‘ചെകുത്താന്റെ കടലി’ൽ തകർന്ന കപ്പലുകൾ പാതിരാത്രികളിൽ അലഞ്ഞുതിരിയുന്നത് കണ്ടതായും പ്രചാരണങ്ങൾ വന്നു.
കഥകളിങ്ങനെ പലവിധത്തിൽ പരന്നു, വിമാനങ്ങളും കപ്പലുകളും കാണപ്പെടുന്നത് തുടർക്കഥയുമായി. അങ്ങനെയാണ് 1952ൽ ജാപ്പനീസ് സർക്കാർ ഒരു കപ്പൽ ‘ചെകുത്താന്റെ കടലി’ലേക്ക് അയയ്ക്കുന്നത്. ‘കയ്‌യോ മാറു’ നമ്പർ 5( Kaio Maru No.5) എന്ന ആ കപ്പൽ പക്ഷേ പിന്നീട് തിരിച്ചെത്തിയില്ല. കപ്പലിനൊപ്പം അതിലുണ്ടായിരുന്ന 31 പേരെയും കാണാതായി. പിന്നീട് പലപ്പോഴായി കപ്പലിന്റെ അവശിഷ്ടങ്ങൾ തീരത്തടിയുകയും ചെയ്തു. തുടർന്നാണ് യാത്രയ്ക്ക് ഏറ്റവും അപകടകരമായ പാതയാണെന്ന് രാജ്യാന്തരതലത്തിൽ ജപ്പാൻ ഡെവിൾസ് ട്രയാംഗിളിനെപ്പറ്റി മുന്നറിയിപ്പു നൽകുന്നത്. 1952 മുതലുള്ള ആ അപായമുന്നറിയിപ്പ് ഇന്നും തുടരുന്നു.
Devil's Sea
അതിശക്തമായ ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളുടെ സാന്നിധ്യമാണ് ഇവിടെ അപകടങ്ങൾക്കു കാരണമായി പറയപ്പെടുന്നത്. ഒട്ടേറെ അന്വേഷണങ്ങളും ഈ പ്രദേശത്തെപ്പറ്റി നടന്നിട്ടുണ്ട്. അമേരിക്കൻ ഭാഷാവിദഗ്ധനും അസാധാരണ സംഭവങ്ങളിന്മേൽ ഗവേഷണതത്പരനുമായ ചാൾസ് ബെർലിറ്റ്സ് ഇതിനെപ്പറ്റി ‘ദ് ഡ്രാഗൺസ് ട്രയാംഗിൾ’ എന്ന പേരിൽത്തന്നെ 1989ൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1952 മുതൽ 1954 വരെയുള്ള കാലയളവിൽ ചെകുത്താന്റെ കടലിൽ‌ അഞ്ച് യുദ്ധക്കപ്പലുകളും എഴുനൂറിലേറെ പേരെയും കാണാതായിട്ടുണ്ടെന്ന കണക്കും പുസ്തകത്തിലുണ്ട്. 1995ൽ ലാറി കുഷ് എഴുതിയ ‘ദ് ബർമുഡ ട്രയാംഗിൾ മിസ്റ്റെറി സോൾവ്ഡ്’ എന്ന പുസ്തകത്തിലും ചെകുത്താന്റെ കടലിനെപ്പറ്റി പരാമർശമുണ്ട്. ബെർലിറ്റ്സ് എഴുതിയത് തെറ്റാണെന്നും കാണാതായത് യുദ്ധക്കപ്പലുകളല്ല മത്സ്യബന്ധനക്കപ്പലുകളാണെന്നും അദ്ദേഹം വാദിക്കുന്നു. മാത്രവുമല്ല ഇപ്പറഞ്ഞവയിൽ ഏറെയും ചെകുത്താന്റെ കടലിനു പുറത്തു സംഭവിച്ചതാണെന്നും അദ്ദേഹം എഴുതി.
1952 സെപ്റ്റംബർ 24ന് ‘കയ്‌യോ മാറു’ തകരാൻ കാരണം സമുദ്രത്തിനിടയിലുണ്ടായ അഗ്നിപർവത സ്ഫോടനമാണ്. ഡ്രാഗൺസ് ട്രയാംഗിൾ ആകട്ടെ അഗ്നിപർവതങ്ങളാൽ സജീവമായിട്ടുള്ള ഭാഗവുമാണ്. ഭൂകമ്പത്തിൽപ്പെട്ട് പലപ്പോഴും ദ്വീപുകൾ അപ്രത്യക്ഷമാകുന്നതും പുതിയ ദ്വീപുകൾ പ്രത്യക്ഷപ്പെടുന്നതും ഇവിടെ പതിവാണ്. കടലിന്നടിയിലെ അഗ്നിപർവതങ്ങളും സ്ഥിരം ഭൂകമ്പങ്ങളുമാണ്  ഡ്രാഗൺസ് ട്രയാംഗിളിലെ അസാധാരണ അനുഭവങ്ങൾക്ക് കാരണമെന്നും ലാറി കുഷ് വാദിക്കുന്നു. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളാണ്  ഡ്രാഗൺസ് ട്രയാംഗിളിലെ പ്രശ്നങ്ങൾക്കു കാരണമെന്നും അല്ലാതെ അതിന്മേൽ അജ്ഞാത ശക്തികളുടെ ഇടപെടലൊന്നുമില്ലെന്നുമാണ് ഭൂരിപക്ഷം ഗവേഷണങ്ങളും വ്യക്തമാക്കുന്നത്. രാജ്യാന്തരതലത്തിൽ ഒരു ഭൂപടത്തിലും  ഡ്രാഗൺസ് ട്രയാംഗിളിന്റെ കൃത്യമായ ‘ഏരിയ’ രേഖപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എങ്കിലും ഇന്നും നാവികരുടെ പേടിസ്വപ്നമാണ് ഈ കടൽപ്രദേശം. ഒപ്പം ലോകത്തിനു മുന്നിൽ തെളിയിക്കപ്പെടാതെ കിടക്കുന്നു അപൂർവ ദുരൂഹതകളിലൊന്നും!

കടപ്പാട് : മനോരമ online

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം