Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഇസ്രായേൽ - പാലസ്തിൻ ചരിത്രങ്ങൾ (ഭാഗം :1) | Israel - Palastein History (Part -1)


AUTHOR : അറിയില്ല

ഒരു പോസ്റ്റിൽ ഒതുക്കുവാൻ സാധിക്കാത്തതിനാൽ  പല   ഭാഗങ്ങളായി കൊടുക്കുകയാണ്.

ഇസ്രായേൽ എന്ന രാജ്യം രൂപീകരിക്കാൻ ഇടയായ സാഹചര്യങ്ങളും  ഇസ്രായേലും, പാലസ്തീനും തമ്മിലുള്ള പ്രശ്നങ്ങളും എന്തൊക്കെയാണ് ? പാലസ്തിൻ എന്നൊരു രാജ്യം ഇന്ന് നിലവിലുണ്ടോ ?


നിലവിൽ ഇസ്രായേൽ എന്നും പാലസ്തിൻ എന്നും വിളിക്കുന്ന പ്രദേശങ്ങൾ ചരിത്രപരമായി ഒട്ടനവധി അധിനിവേശങ്ങളുടെ കഥ പറയുന്നുണ്ട്. ഭൂമി ശാസ്ത്രപരമായി ആഫ്രിക്കൻ ഭൂഖണ്ഡങ്ങളുടെയും യൂറോപ്പിന്റെയും ഏഷ്യയുടെയും ഒക്കെ മധ്യത്തിലും അടുത്തും കിടക്കുന്ന പ്രദേശങ്ങൾ ആയതിനാലാവാം ഒരുപക്ഷെ ഇത്രയധികം അധിനിവേശങ്ങൾ ഇവിടെ നടക്കാൻ ഇടയായത്. ലോകത്തിൽ ഏറ്റവും കൂടുതലായി ചിതറിക്കപ്പെട്ട ഒരു ജനതയാണ് യഹൂദർ.  ബിബ്ലിക്കൽ കാലഘട്ടത്തിൽ ഇന്ന് ഇസ്രായേൽ എന്നും പാലസ്തിൻ എന്നും വിളിക്കുന്ന പ്രദേശങ്ങളിൽ രണ്ടു രാജ്യങ്ങൾ നില നിന്നിരുന്നതായി ഹീബ്രു ബൈബിളിന്റെ അടിസ്ഥാനത്തിൽ പറയപ്പെടുന്നു. ഇന്നുള്ള പാലസ്തിൻറെയും ഇസ്രായേലിന്റെയും വടക്കുള്ള പ്രദേശങ്ങളിൽ ഇസ്രായേൽ എന്ന രാജ്യവും (അന്ന് സമറിയ), തെക്കൻ പ്രദേശങ്ങളിൽ  ജൂദാ  രാജ്യവും നിലവിലുണ്ടായിരുന്നു.

Cyrus the great
ബിസി 722 ൽ അന്നത്തെ ഇസ്രായേലിനെ പരാജയപ്പെടുത്തി നിയോ അസ്സീറിയൻ 
(Neo-Assyrian Empire) ചക്രവർത്തിമാർ ആധിപത്യം നേടി.  ബിസി 586 ൽ ജൂദ രാജവംശത്തെ പരാജയപ്പെടുത്തി നിയോ ബാബിലോണിയൻ (Neo-Babylonian Empire ) സാമ്രാജ്യവും അധികാരത്തിൽ വന്നു. 538 ബിസി യിൽ  ബാബിലോണിയൻ സാമ്രാജ്യത്തെ,  സൈറസിന്റെ (Cyrus the Great) കീഴിലുള്ള പേർഷ്യൻ സാമ്രാജ്യം (also called Achaemenid) പരാജയപ്പെടുത്തി. അതിനുശേഷം ജൂത സമൂഹം അതിന്റെ കുലീനതകളോടുകൂടി തിരിച്ചുവരികയും രണ്ടാമത്തെ യഹൂദ ദേവാലയം ജറുസലേമിൽ നിർമ്മിക്കുകയും ചെയ്തു. ഈ ദേവാലയം BC 516 മുതൽ AD 70 കാലഘട്ടം വരെ നിലനിൽക്കുകയുമുണ്ടായി.

Nebucadnezar - 2


ഹീബ്രു ബൈബിൾ അനുസരിച്ചു ജൂദാ രാജ്യം നിലവിലുണ്ടായിരുന്ന കാലഘട്ടത്തിൽ
അന്നത്തെ ഇസ്രായേൽ - ജൂദാ രാജ്യങ്ങളുടെ രാജാവായിരുന്ന സോളമൻ രാജാവാണ് ആദ്യത്തെ യഹൂദ ദേവാലയം ജറുസലേമിൽ പണികഴിപ്പിച്ചത്. പുരാതന ജെറുസലേമിലുണ്ടായിരുന്ന ഈ ദേവാലയം പിന്നീട് ബാബിലോണിയൻ ചക്രവർത്തിയായിരുന്ന Nebuchadnezzar രണ്ടാമൻ നശിപ്പിക്കുകയുണ്ടായി (BC 587 -586 ). ബിസി 332-ൽ മാസിഡോണിയൻ ഗ്രീക്കുകാർ (Hellenistic) അലക്സാണ്ടറുടെ (Alexander the Great) കീഴിൽ ഇസ്രയേലിനെ ആക്രമിച്ചു കീഴടക്കി.


അതിനുശേഷം യഹൂദ ജനങ്ങൾ  മതപരമായി രണ്ടു വിഭാഗങ്ങളായി വിഭജിക്കപ്പെടുക ഉണ്ടായി. അതായത് ഒരുകൂട്ടം യഹൂദന്മാരുടെ പരമ്പരാഗത-മായ ആചാരാനുഷ്ടാനങ്ങൾ പിന്തുടരുന്ന യാഥാസ്ഥിതികരായും (orthodox), മറ്റൊരുകൂട്ടം ആളുകൾ ഗ്രീക്ക് ആചാരങ്ങൾ പിന്തുടരുന്ന സമൂഹമായും  (Hellenized ) വിഭജിക്കപ്പെട്ടു.  യഹൂദരുടെ   മതവിഭാഗങ്ങൾ തമ്മിൽ നടന്ന Maccabean കലാപത്തിനുശേഷം സ്വതന്ത്ര യാഥാസ്ഥിതിക ഹസ്മോണിയൻ രാജ്യം സ്ഥാപിക്കപ്പെട്ടു. ചരിത്രപരമായി പരിശോധിക്കുകയാണെങ്കിൽ അവസാനത്തെ യഹൂദ രാജവംശം ആയിരുന്നു Hasmoneans.  അതിനുശേഷം ബിസി 64 ആം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യം നിലവിൽ വന്നു. റോമാക്കാർ ഇസ്രായേൽ കീഴടക്കിയതുമുതലാണ് യഹൂദർ ഇസ്രായേലിൽ നിന്നും പുറന്തള്ളപ്പെടാൻ തുടങ്ങിയത്. AD  66-136-ലെ യഹൂദ-റോമൻ യുദ്ധങ്ങൾ നടക്കുന്നതുവരെ പുരാതന ഇസ്രായേലിൽ ജീവിച്ചിരുന്നവരിൽ ഭൂരിഭാഗം ആളുകളും യഹൂദന്മാരായിരുന്നു.  റോമാക്കാരും യഹൂദരും തമ്മിൽ നടന്ന യുദ്ധത്തിൽ  അന്ന് റോമാ പ്രവിശ്യയായ പാലസ്തീനയിൽ നിന്ന്  യഹൂദന്മാരെ  റോമാക്കാർ പുറത്താക്കുകയും, യഹൂദരുടെ രണ്ടാമത്തെ ദേവാലയം നശിപ്പിക്കുകയും ചെയ്തു. അതോടുകൂടി ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും യഹൂദർ ചിതറിക്കപ്പെടാൻ തുടങ്ങി. അതിനുശേഷം റോമാക്കാരുടെ കീഴിലുള്ള ഈ പ്രദേശങ്ങൾ സിറിയ-പാലസ്തിന എന്നപേരിൽ   അറിയപ്പെട്ടു.

Constantine The Great
പിന്നീട് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ ഭരണകാലമായ നാലാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ റോമൻ ചക്രവർത്തിമാർ ക്രിസ്തുമതം അവരുടെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുകയും, ക്രമേണ ജെറുസലേം ഒരു ക്രിസ്ത്യൻ നഗരമായി മാറി. അതോടുകൂടി യഹൂദർ ജറുസലേമിൽ താമസിക്കുന്നത് വിലക്കുകയും ചെയ്തു.

നാലാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം വിഭജിക്കപ്പെട്ടതിനു ശേഷം Byzantine ചക്രവർത്തിമാർ AD 636 വരെ ഇവിടം ഭരിക്കുകയുണ്ടായി. പിന്നീട് Byzantine ( റോമാ ) ചക്രവർത്തിമാരെ പരാജയപ്പെടുത്തി അറബ് മുസ്ലിം ചക്രവർത്തിമാരുടെ അധിനിവേശം നടക്കുകയും മുസ്ലിം മതം പ്രചരിക്കുകയുമുണ്ടായി. ഇസ്രായേൽ ചരിത്രകാരനായ Moshe Gil പറയുന്നത് മുസ്ലിം ചക്രവർത്തിമാർ അധിനിവേശം നടത്തിയ ഏഴാം നൂറ്റാണ്ടിനു മുൻപുവരെ ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും യഹൂദരോ, അല്ലെങ്കിൽ സമരിയാക്കാരോ ആയിരുന്നുവെന്നാണ്.

Moshe Gil (Israel Historian)
AD 1099 ൽ ആദ്യത്തെ കുരിശു യുദ്ധക്കാർ ( First Crusaders ) വരുന്നതുവരെ മുസ്ലിം രാജാക്കന്മാരുടെ (അറബ്) ഭരണത്തിന് കീഴിലായിരുന്നു ഈ പ്രദേശങ്ങൾ. കുരിശുയുദ്ധക്കാർ വരുന്നതുവരെ നിരവധി മുസ്ലീം രാജവംശങ്ങൾ പാലസ്തീനെ നിയന്ത്രിച്ചിരുന്നു.
 AD 1099 മുതൽ 1291 വരെ കുരിശു യുദ്ധക്കാരായിരുന്നു പ്രധാനമായും ഇവിടം ഭരിച്ചുകൊണ്ടിരുന്നത്. യഹൂദരും അവരും തമ്മിൽ പലപ്പോഴും യുദ്ധം നടക്കുകയുണ്ടായി.ജെറുസലേം പിടിച്ചടക്കിയ കുരിശു യുദ്ധക്കാർ ആറായിരത്തോളം യഹൂദരെ കൂട്ടക്കൊല ചെയ്തുവെന്ന് പറയപ്പെടുന്നു. നിരവധി യഹൂദരെ കുരിശുയുദ്ധക്കാർ വധിച്ചുവെന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

AD 1187-ൽ അയ്യൂബിദ്  സുൽത്താൻ ആയിരുന്ന  സലാദിൻ (Saladin )  കുരിശു യുദ്ധക്കാരെ പരാജയപ്പെടുത്തി ജെറുസലേമിന്റെയും, അന്നത്തെ പാലസ്തിൻറെയും മിക്ക ഭാഗങ്ങളും പിടിച്ചെടുക്കുകയുമുണ്ടായി. 
Statue of Saladin in Damascus
അതിനുശേഷം അദ്ദേഹം എല്ലാ യഹൂദന്മാരെയും ജെറുസലേമിലേക്ക്  മടങ്ങിവന്ന് താമസിക്കാൻ ക്ഷണിച്ചുകൊണ്ട്  ഒരു  വിളംബരം പുറപ്പെടുവിച്ചു. അങ്ങനെ വീണ്ടും ജൂത കുടിയേറ്റം അന്നത്തെ  ഇസ്രായേലിന്റെ ഭാഗങ്ങളായിരുന്ന ജെറുസലേമിലേക്കും മറ്റു പ്രദേശങ്ങളിലേക്കും  ആരംഭിച്ചു. AD  1211 ൽ ഫ്രാൻസിൽ നിന്നും  ഇംഗ്ലണ്ടിൽ നിന്നും  300 ലധികം റബ്ബിമാരുടെ നേതൃത്വത്തിൽ കുറെയധികം യഹൂദർ പാലസ്തിനിലേക്കു  വന്നപ്പോൾ അവിടെ നിലവിലുണ്ടായിരുന്ന യഹൂദ-സമൂഹം കുറച്ചുകൂടി ശക്തിപ്പെടുകയും ചെയ്തു.

AD 1260-ൽ ഈജിപ്ഷ്യൻ രാജവംശം ആയിരുന്ന MAMLUK ചക്രവർത്തിമാർ    നിയന്ത്രണം ഏറ്റെടുത്തു. അവരും കുരിശു യുദ്ധക്കാരും തമ്മിൽ ഇടയ്ക്കിടയ്ക്ക് യുദ്ധം നടന്നിരുന്നു. പിന്നെ AD 1517 മുതൽ 1917 വരെ പാലസ്തിൻ പ്രദേശങ്ങൾ ഭരിച്ചുകൊണ്ടിരുന്നത് ടർക്കിഷ് രാജവംശമായ ഒട്ടോമൻ (Ottoman) ചക്രവർത്തിമാരായിരുന്നു. അന്ന് ഈ പ്രദേശങ്ങൾ ഒട്ടോമൻ സിറിയയുടെ ഭാഗമായി മാറുകയും ഉണ്ടായി.
1917-ൽ ഒന്നാം ലോക മഹായുദ്ധത്തിന്റെ  അവസാനത്തിൽ ഒട്ടോമൻ സാമ്രാജ്യത്തിന്റെ പരാജയത്തെത്തുടർന്ന്  ബ്രിട്ടീഷ് സേന ഒട്ടോമൻ നിയന്ത്രണത്തിലുണ്ടായിരുന്ന പാലസ്തിൻ പിടിച്ചടക്കി. ഒട്ടോമൻ സേനയെ പരാജയപ്പെടുത്തിയതിനുശേഷം, 1918 ൽ ഒട്ടോമൻ സിറിയയിൽ ബ്രിട്ടൻ ഒരു സൈനിക ഭരണകൂടം സ്ഥാപിച്ചു. 1920 ൽ ഓട്ടോമൻ സിറിയ വിഭജിക്കുകയും ഫ്രാൻസും, ബ്രിട്ടനും വീതിച്ചെടുക്കുകയും ചെയ്തു. ബ്രിട്ടന്റെ കീഴിൽ വന്ന പ്രദേശങ്ങൾ ബ്രിട്ടീഷ് പാലസ്തിൻ എന്നപേരിൽ  അറിയപ്പെട്ടു.
1948 വരെ ഈ പ്രദേശങ്ങൾ ബ്രിട്ടീഷുകാർ ഭരിച്ചു.

19  ആം നൂറ്റാണ്ടിന്റെ തുടക്കം മുതലാണ് ഇപ്പോഴുള്ള  ഇസ്രായേൽ, പലസ്തീൻ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. ഇന്ന് ഇസ്രായേൽ എന്നും പാലസ്തിൻ എന്നും അറിയപ്പെടുന്ന പ്രദേശങ്ങൾ മുഴുവനും 1920  മുതൽ 1948  വരെ ബ്രിട്ടീഷ് ആധിപത്യത്തിൽ ആയിരുന്നു.  ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടുകൂടിയാണ് പാലസ്തിൻ ദേശീയവാദ സംഘടനകൾ ആദ്യം രൂപം കൊള്ളുന്നത്. ബ്രിട്ടീഷുകാർ ഭരിച്ചുകൊണ്ടിരുന്നപ്പോൾ രണ്ടു ദേശീയവാദ പ്രസ്ഥാനങ്ങൾ ഒന്ന് ജൂത ദേശീയവാദവും,  മറ്റൊന്ന്  അറബ് ദേശീയവാദവും  പലസ്തീനിൽ രൂപം കൊള്ളുകയും ശക്തിയാർജ്ജിക്കുകയും ചെയ്തു. ക്രമേണ അവർ ചെറുവിഭാഗങ്ങളായി തിരിഞ്ഞു പരസ്പരം ഏറ്റുമുട്ടുക പതിവായിരുന്നു. 

1936  മുതൽ 1939  വരെ പലസ്തീനിൽ അറബ് ദേശീയവാദം ശക്തിപ്പെടുകയും ബ്രിട്ടീഷ് ഭരണത്തിന്നെതിരെ വിപ്ലവങ്ങൾ നടക്കുകയും ഉണ്ടായി.  അറബ് സമൂഹം സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദം ഉയർത്തുവാൻ തുടങ്ങുകയും ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ബ്രിട്ടീഷ് പാലസ്തിനിലേക്കു നടന്ന ജൂത കുടിയേറ്റങ്ങൾക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു. ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് പലസ്തീൻ പ്രദേശങ്ങളിൽ താമസിച്ചുകൊണ്ടിരുന്ന ജൂത സമൂഹം അറിയപ്പെട്ടിരുന്നത് യിഷുവ്(Yishuv ) എന്ന പേരിൽ ആയിരുന്നു.

18 , 19 ആം നൂറ്റാണ്ടിൽ യൂറോപ്പിൽ നിന്നും വന്ന ജൂത കുടിയേറ്റക്കാർ അഷ്കനാസീ (Ashkenazi ) ഹസ്സിടിക്  (Hassidic ) എന്ന പേരിലും അറിയപ്പെടുന്നു. സയണിസ്റ് നേതാക്കന്മാരാണ് ആദ്യം ഒരു ജൂത രാഷ്ട്രം എന്ന സങ്കൽപ്പത്തിന് അടിത്തറയിട്ടത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കപ്പെട്ട യഹൂദർക്ക്, അവരുടെ പൂർവ്വികരുടെ നാട്ടിൽ ജൂത രാഷ്ട്രം വീണ്ടും സ്ഥാപിക്കുക  എന്ന ലക്ഷ്യത്തോടുകൂടി രൂപം കൊണ്ട ഒരു മൂവ്മെന്റാണ് സയണിസം (ZIONISM ). 
തിയോഡോർ ഹെർസൽ
തിയോഡോർ  ഹെർസൽ എന്ന വ്യക്തിയാണ് സയണിസത്തിന് അടിത്തറ-യിട്ടതെന്ന് കരുതപ്പെടുന്നു. ഇതിന്റെ ഭാഗമായി സയണിസ്റ് നേതാക്കന്മാർ യൂറോപ്പിൽ നിന്നും 1907 ൽ Arthur Ruppin എന്നയാളെ അന്ന് ഓട്ടോമൻ ചക്രവർത്തിമാർ ഭരിച്ചുകൊണ്ടിരുന്ന പാലസ്തിനിലേക്കു അയച്ചു.

Arthur Ruppin
അന്ന് പാലസ്തിനിൽ ജീവിച്ചിരുന്ന യഹൂദസമൂഹത്തിൻറെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുകയും, കാർഷിക വികസനത്തിനും വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനും വികസിപ്പിക്കുന്നതിനും അനുയോജ്യമായ സാധ്യതകളൊക്കെ പഠിക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വരവിന്റെ ലക്ഷ്യം. എന്നാൽ അദ്ദേഹം കണ്ട കാഴ്ചകൾ വളരെ ശോചനീയമായിരുന്നു. യഹൂദരുടെ ജീവിത സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെടാനുണ്ടെന്നുള്ള റിപ്പോർട്ടാണ് അദ്ദേഹം സയണിസ്റ് നേതാക്കന്മാർക്ക് കൊടുത്തത്.

Kibbutz Kfar Masaryk
Arthur Ruppin പിന്നീട് 1908ൽ ബ്രിട്ടീഷ് ആധിപത്യത്തിലുണ്ടായിരുന്ന പാലസ്തിനിലേക്കു തിരിച്ചു വരികയും, സയണിസ്റ്റ് ഓർഗനൈസഷന്റെ ഓഫീസ് പാലസ്തിനിലെ ജാഫയിൽ സ്ഥാപിക്കുകയും ചെയ്തു. ഇന്നത്തെ ടെൽ അവീവ്  പട്ടണത്തിന്റെ സ്ഥാപകരിൽ ഒരാളാണ് ഇദ്ദേഹം. ഇസ്രായേലിൽ Kibbutz സ്ഥാപിച്ചതിൽ നിർണ്ണായക പങ്കു വഹിച്ചതും അദ്ദേഹമാണ്. 

ജൂത സമൂഹത്തിനുവേണ്ടി  ഭൂമികൾ വാങ്ങിക്കുക ,കൃഷിരീതികൾ പഠിപ്പിക്കുകയും  പരിശീലിപ്പിക്കുകയും ചെയ്യാനുള്ള സഹായം ചെയ്തുകൊടുക്കുക, നഗര വികസനം, ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വരുന്ന കുടിയേറ്റക്കാരെ സഹായിക്കുക  തുടങ്ങിയവയായിരുന്നു ഇവരുടെ മുഖ്യ ലക്ഷ്യം.

ഈ കാലഘട്ടത്തിൽ HASHOMER എന്നപേരിൽ ജൂത സമൂഹത്തിന്റെ സ്വയ പരിരക്ഷക്കുവേണ്ടി ഒരു സംഘടന രൂപംകൊണ്ടു. 1920 ൽ ഹഗാന  (HAGANAH)  എന്ന പേരിൽ ഒരു പാരാമിലിറ്ററി (1921 -48 ) രൂപം കൊണ്ടപ്പോൾ Hashomer ഇതിൽ ലയിച്ചു.പിന്നീട് സ്വാതന്ത്ര്യാനന്തരം  HAGANAH  ഇസ്രായേലി ഡിഫെൻസ് ഫോഴ്സിന്റെ (IDF) ഭാഗം ആകുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധം (1939 -45 ) നടന്ന കാലഘട്ടത്തിൽ നാസി ജർമ്മനിയും അവരുടെ കൂട്ടാളികളും അന്ന് യൂറോപ്പിൽ ഉണ്ടായിരുന്ന ജൂത സമൂഹത്തിന്റെ മൂന്നിൽ രണ്ടു വിഭാഗം ജനങ്ങളെയും കൂട്ടക്കൊല ചെയ്തപ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടന്ന യഹൂദർ അവരുടെ പൂർവ്വികരുടെ ജന്മദേശമായ അന്ന് ബ്രിട്ടീഷ് പലസ്തീൻ എന്നറിയപ്പെട്ടിരുന്ന പ്രദേശങ്ങളിലേക്ക് മടങ്ങി വരാനും സ്വന്തം രാജ്യം കെട്ടിപ്പടുക്കാനും   ആഗ്രഹിച്ചു. അനുദിനം വർധിച്ചു വന്ന അറബ് - ജൂത പ്രശ്ന പരിഹാരത്തിനായി പാലസ്തിൻ ഭരിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷ് ഭരണകൂടം, അന്താരാഷ്ട്ര പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും, പരിഹരിക്കുന്നതിനും വേണ്ടി രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞപ്പോൾ രൂപം കൊണ്ട ഐക്യരാഷ്ട്രസഭയെ (UN) സമീപിച്ചു.

1948 ൾ തങ്ങൾ പാലസ്തിനിൽ നിന്നും പിന്മാറുമെന്നു ബ്രിട്ടീഷുകാർ യുഎന്നിനെ അറിയിച്ചു. അറബ് ജൂത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി ഐക്യരാഷ്ട്രസഭ 1947  നവംബർ 29 നു ഒരു വിഭജന കരാർ (Partition plan) കൊണ്ടുവന്നു (Resolution 181 . II). ഇതുപ്രകാരം ബ്രിട്ടീഷ് ഭരണം അവസാനിക്കുമ്പോൾ നിലവിലുള്ള പലസ്തീൻ വിഭജിച്ചു അറബികൾക്കു വേണ്ടി സ്വയം ഭരണാധികാരമുള്ള  ഒരു സ്റ്റേറ്റും, യഹൂദർക്കുവേണ്ടി മറ്റൊരു സ്റ്റേറ്റും രൂപീകരിക്കുക, തർക്ക വിഷയമായിരുന്ന   ജെറുസലേം ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഒരു സമിതിയുടെ കീഴിൽ താത്ക്കാലികമായി കൊണ്ടുവരിക എന്നതുമായിരുന്നു UN നിർദേശം. ജൂതരാഷ്ട്ര രൂപീകരണത്തിനുവേണ്ടി ശ്രമിച്ചുകൊണ്ടിരുന്ന ജ്യൂവിഷ് ഏജൻസി  (Jewish Agency for Palestine ) ഈ നിർദേശം അംഗീകരിക്കുകയും എന്നാൽ അറബ് സമൂഹവും നേതാക്കളും ഇത് തള്ളിക്കളയുക മാത്രമല്ല ജൂത രാഷ്ട്രം രൂപീകരിക്കാൻ ഒരിക്കലും അനുവദിക്കുകയില്ലെന്നും പറഞ്ഞു.

ഇതോടുകൂടി അറബ് ജൂത സമൂഹങ്ങൾ തമ്മിൽ പര്സപരമുള്ള ശത്രുത കൂടി വരികയും ഉടൻതന്നെ 1947-48  ൽ  കലാപങ്ങളും ആഭ്യന്തര യുദ്ധവും പൊട്ടി-പ്പുറപ്പെടുകയും ചെയ്തു. 1945 ൽ ബ്രിട്ടീഷ് പ്രേരണയാൽ ഈജിപ്ത്, ഇറാക്ക്, ലെബനൻ, സൗദി അറേബ്യ , ട്രാൻസ് ജോർദാൻ , സിറിയ , യമൻ എന്നീ അറബ് രാജ്യങ്ങൾ ചേർന്ന് പരസ്പര സഹകരണത്തിനുവേണ്ടി  അറബ് ലീഗ് രൂപീകരിച്ചിരുന്നു. പലസ്തീൻ വിഭജനത്തെ തള്ളിക്കളഞ്ഞ അറബ് ലീഗ് അവരുടെ സൈനിക വിഭാഗമായ അറബ് ലിബറേഷൻ ആർമിയെ  പലസ്തീനിൽ ജീവിച്ചിരുന്ന അറബികളുടെ സഹായത്തിനു വേണ്ടി വിട്ടുകൊടുക്കയുണ്ടായി .

ഈ സംഭവങ്ങളൊക്കെ നടന്നത് 1947-48 കാലഘട്ടങ്ങളിലാണ്. 1948 മെയ് 15ന് ബ്രിട്ടീഷ് ഭരണം ഔദ്യോഗികമായി അവസാനിക്കുന്നതിനു മുൻപ് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും രാജ്യം രൂപീകരിക്കുകയും ചെയ്തില്ലെങ്കിൽ പിന്നെ ഒരിക്കലും തങ്ങൾക്കു സ്വന്തമായി ഒരു രാജ്യം കിട്ടുകയില്ലെന്നു സയണിസ്റ് നേതാക്കന്മാർക്ക് അറിയാമായിരുന്നു. ആയതിനാൽ ഭാവി കാര്യങ്ങൾ തീരുമാനിക്കുന്നതിന് വേണ്ടി യഹൂദ നേതാക്കൾ 1948 മെയ് 12 നു ഒത്തു ചേർന്നു. സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നതിനുവേണ്ടി വോട്ടിങ് നടത്തുകയും അവസാനം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. തീരുമാനങ്ങളെല്ലാം വളരെ രഹസ്യമാക്കി വയ്ക്കാൻ അവർ ശ്രമിച്ചിരുന്നു. അവസാനം 1948 മെയ്14 ന് ബ്രിട്ടീഷ് ഭരണം അവസാനിക്കുന്നതിനു തലേദിവസം ടെൽ അവീവിലെ മ്യൂസിയത്തിൽ  ഒരുമിച്ചുകൂടിയ ക്ഷണിക്കപ്പെട്ട കുറച്ചു അതിഥികളുടെ മുൻപിൽ വെച്ച്    Jewish People's Council നേതാവ് ഡേവിഡ് ബെൻ ഗുരിയൻ  സ്വാതന്ത്ര്യ  പ്രഖ്യാപനം നടത്തി.

David Ben Gurion

ഇസ്രായേൽ (സ്റ്റേറ്റ് ഓഫ് ഇസ്രായേൽ ) എന്ന രാജ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇസ്രായേൽ രാജ്യം നിലവിൽ വന്നു മണിക്കൂറുകൾക്കുള്ളിൽ ഈജിപ്ത്, സിറിയ, ജോർദ്ദാൻ, ഇറാഖ് തുടങ്ങിയ അറബ് രാജ്യങ്ങളുടെ പട്ടാളം സംയുക്തമായിട്ടു പലസ്തീൻ പിടിച്ചടക്കുവാൻ വേണ്ടി ബ്രിട്ടീഷ് പലസ്തീനിൽ പ്രവേശിക്കുകയും ഇസ്രയേലുമായി യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തു.

ഇസ്രായേൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഉടൻ തന്നെ അമേരിക്കയും  സോവിയറ്റ് യൂണിയനും ഇസ്രായേലിനെ അംഗീകരിക്കുകയുണ്ടായി. എന്നാൽ ഐക്യരാഷ്ട്ര സഭക്കോ  അമേരിക്കക്കോ അറബ് രാജ്യങ്ങളുടെ ആക്രമണത്തിൽ നിന്നും ഇസ്രയേലിനെ  രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല . ഇസ്രായേൽ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയപ്പോൾ അത് തടയുവാൻ വേണ്ടി ബ്രിട്ടീഷ് പാലസ്തിനിലെ അറബ് പ്രവിശ്യയുടെ നിയന്ത്രണം ഏറ്റെടുത്ത അറബ് രാജ്യങ്ങൾ ജൂത സമൂഹത്തിനു മുൻതൂക്കമുള്ള പ്രദേശങ്ങൾക്ക്നേരെ ആക്രമണം അഴിച്ചുവിട്ടു. ഇസ്രായേൽ എന്ന രാജ്യം രൂപീകരിക്കുന്നത് തടയുകയും പലസ്തീൻ വിഭജിക്കാതിരിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അക്കാലത്തു  ശക്തരായ ഈജിപ്ത് , ജോർദ്ദാൻ തുടങ്ങിയ രാജ്യങ്ങളുടെ പട്ടാളത്തിന്റെ പകുതിപോലും സൈനികരോ ആയുധങ്ങളോ ഇസ്രായേലിനു ഉണ്ടായിരുന്നില്ല.  മാത്രവുമല്ല രാജ്യം രൂപീകൃതമായിട്ടു കുറച്ചു മണിക്കുറുകൾക്കുള്ളിലാണ് എതിരാളികളുടെ ഭാഗത്തുനിന്നുള്ള  ആക്രമണം നേരിടേണ്ടി വന്നത്.  പുതിയതായി രൂപം കൊണ്ട ഇസ്രായേൽ എന്ന രാജ്യം അവരുടെ സർവശക്തിയും ഉപയോഗിച്ച് അറബ് പട്ടാളത്തെ പ്രതിരോധിക്കുവാനും തിരിച്ചടിക്കുവാനും തുടങ്ങി. എന്തുവില കൊടുത്തും അറബ് ലീഗിന്റെ പട്ടാളത്തെ  പ്രതിരോധിക്കണമെന്നുള്ള നിർദേശം ഇസ്രായേൽ അവരുടെ പൗരന്മാർക്ക് കൊടുക്കുകയുണ്ടായി. പലസ്തീനിൽ ജൂത രാഷ്ട്രം  രൂപീകരിച്ചാൽ  ജൂത സമൂഹത്തെ തങ്ങൾ ഭൂമുഖത്തു നിന്നും തുടച്ചു നീക്കുമെന്നുള്ള ഭീക്ഷണികൾ പലപ്പോഴും അറബ് ലീഗിന്റെ നേതാക്കൾ മുഴക്കിയിരുന്നു. ഈ യുദ്ധത്തിൽ പരാജയപ്പെട്ടാൽ ഭൂമുഖത്തുനിന്നും തങ്ങൾ ഇല്ലാതാകുമെന്നും വീണ്ടുമൊരു holocaust ന് ഇരയാകേണ്ടി വരുമെന്നുള്ള ഭീതി ജൂത സമൂഹത്തിനുണ്ടായിരുന്നു.  1948 മെയ് 15 ന് തുടങ്ങിയ ഈ യുദ്ധം ഏകദേശം പത്തു മാസത്തോളം നീണ്ടുനിന്നു.

1948 ലെ യുദ്ധത്തിന് മുൻപ് പല സയണിസ്റ് നേതാക്കന്മാരുമായും ജോർദ്ദാൻ രാജാവായ അബ്ദുള്ള രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന് പറയപ്പെടുന്നു.   അറബികൾക്കുവേണ്ടി  പലസ്തീൻ എന്ന രാജ്യം രൂപീകരിക്കാൻ അബ്ദുല്ല രാജാവിന് താൽപ്പര്യം ഉണ്ടായിരുന്നില്ല. മറിച്ചു പലസ്തീൻ പ്രദേശങ്ങൾ  ജോർദ്ദാന്റെ ഭാഗമായി കൂട്ടിച്ചേർക്കാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ. ആയതിനാൽ ജൂത രാഷ്ട്രം രൂപവൽക്കരിക്കുന്നതിനെ അദ്ദേഹം ശക്തമായി എതിർത്തിരുന്നില്ല എന്നാണ് ചരിത്രം പറയുന്നത്. അതിനാൽ ജൂത സമൂഹത്തെ ആക്രമിക്കുകയില്ലെന്നു അദ്ദേഹം അവർക്കു രഹസ്യമായി ഉറപ്പുകൊടുത്തിരുന്നതായി  പറയപ്പെടുന്നു. എന്താണെങ്കിലും അറബ് രാജ്യങ്ങളുടെ നിർബന്ധത്തിനു വഴങ്ങി ജോർദ്ദാനും ഇസ്രയേലിനെ ആക്രമിക്കുകയുണ്ടായി.   

1949 മാർച്ച് 10 വരെ ഈ യുദ്ധം നീണ്ടു നിന്നു. ഇതാണ് ആദ്യത്തെ അറബ് - ഇസ്രായേൽ യുദ്ധം.  ഈ യുദ്ധത്തിൽ ഇസ്രായേൽ വിജയിക്കുകയും ഇസ്രായേൽ എന്ന രാജ്യം നിലവിൽ വരികയും ചെയ്തു. യുദ്ധാവസാനം ഇസ്രായേൽ രൂപീകരിക്കുവാൻ വേണ്ടി ഐക്യരാഷ്ട്രസഭ  നിർദേശിച്ച പ്രദേശങ്ങൾ മാത്രമല്ല പലസ്തീൻ എന്ന രാജ്യം രൂപീകരിക്കുവാൻ വേണ്ടി നിർദേശിച്ച കുറച്ചു പ്രദേശങ്ങൾകൂടി ഇസ്രായേൽ പിടിച്ചടക്കുകയുണ്ടായി . പാലസ്തീന് വേണ്ടി നിർദേശിച്ചിരുന്ന കിഴക്കൻ ജെറുസലേമിന്റെ ഭാഗങ്ങളും , ജൂഡിയ , സമരിയ പ്രദേശങ്ങളും ജോർദ്ദാൻ പിടിച്ചടക്കുകയും വെസ്റ്റ് ബാങ്ക് എന്ന് നാമകരണം ചെയ്യുകയും, ഗാസ ഈജിപ്തിന്റെ കീഴിൽ വരികയും ചെയ്തു. ചുരുക്കത്തിൽ  പലസ്തീൻ എന്ന രാജ്യം രൂപീകരിക്കാൻ അവർക്കു സാധിച്ചില്ല.

ഈ യുദ്ധത്തിന്റെ അനന്തര ഫലങ്ങൾ

1 . ഇസ്രായേൽ യുദ്ധം ജയിച്ചു. ഇസ്രായേൽ എന്ന രാജ്യം നിലവിൽ വന്നു

2 . ഇസ്രായേൽ രൂപീകരിക്കുവാൻ വേണ്ടി ഐക്യരാഷ്ട്രസഭ  നിർദേശിച്ച പ്രദേശങ്ങൾ മാത്രമല്ല പലസ്തീൻ എന്ന രാജ്യം രൂപീകരിക്കുവാൻ വേണ്ടി നിർദേശിച്ച കുറച്ചു പ്രദേശങ്ങൾകൂടി ഇസ്രായേൽ പിടിച്ചെടുത്തു

3 . ഐക്യരാഷ്ട്രസഭ അറബ് സമൂഹത്തിനുവേണ്ടി രൂപീകരിക്കാൻ തീരുമാനിച്ചിരുന്ന, പലസ്തീൻ എന്ന രാജ്യത്തിനുവേണ്ടി നിർദേശിച്ചിരുന്ന, കിഴക്കൻ ജെറുസലേമും , ജൂഡിയ , സമരിയ എന്നീ പ്രദേശങ്ങളും ജോർദ്ദാൻ പിടിച്ചെടുക്കുകയും  വെസ്റ്റ് ബാങ്ക് എന്ന് ഈ പ്രദേശങ്ങളെ നാമകരണം ചെയ്യുകയും ജോർദ്ദാന്റെ ഭാഗമായി പിന്നീട് കൂട്ടിച്ചേർക്കുകയും ചെയ്തു.

4 . പലസ്തീൻ പ്രദേശമായിരുന്ന  ഗാസ ഈജിപ്ത് പിടിച്ചെടുത്തു.

5 . പലസ്തീൻ എന്ന രാജ്യം രൂപീകരിക്കാൻ അറബ് രാജ്യങ്ങൾക്കോ പാലസ്തിനികൾക്കോ സാധിച്ചില്ല.

6 . ഏകദേശം 7 ലക്ഷത്തോളം പലസ്തിനികൾ അഭയാർഥികളായി.

7 . അറബ് രാജ്യങ്ങളിൽ ജീവിച്ചിരുന്ന 6 ലക്ഷത്തോളം യഹൂദരെ അവിടെനിന്നും പുറത്താക്കുകയും അവർ ഇസ്രായേലിൽ അഭയാർഥികളായി വരികയും ഉണ്ടായി.
--------------------------------------------------------------------------------------------------------------------------
ഈ യുദ്ധം തുടങ്ങിയത് അറബ് രാജ്യങ്ങളാണ്. ഒരു പക്ഷെ അറബ് രാജ്യങ്ങൾ യുദ്ധത്തിന് വരാതെ ഐക്യരാഷ്ട്ര സഭയുടെ തീരുമാനം അംഗീകരിച്ചു പലസ്തീൻ എന്ന രാഷ്ട്രം കെട്ടിപ്പടുക്കാൻ പാലസ്തിനികളെ സഹായിച്ചിരുന്നു-വെങ്കിൽ നമ്മൾ ഇന്ന് കാണുന്ന പലസ്തീൻ - ഇസ്രായേൽ പ്രശ്നം ഒരുപക്ഷെ ഉണ്ടാവില്ലായിരുന്നു. സമാധാനത്തോടെ ജീവിക്കാൻ അറബ്-ജൂത സമൂഹങ്ങൾക്ക് കഴിയുമായിരുന്നു. ഒരുപാട് മനുഷ്യരുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. ഈ യുദ്ധത്തിൽ ഏകദേശം 6400  ഇസ്രായേൽ ഭടൻമാരും, സിവിലിയൻസും മരിച്ചു. അറബ് രാജ്യങ്ങളിലെ 7000 ത്തോളം പട്ടാളക്കാരും, 13,000 പലസ്തിനി ഭടൻമാരും ജനങ്ങളും മരിച്ചുവെന്ന് കരുതപ്പെടുന്നു. ഏഴു ലക്ഷത്തോളം പാലസ്തിനികൾ വീടും നാടും ഉപേക്ഷിക്കപ്പെട്ടു അഭയാര്ഥികളാവുകയും ചെയ്തുവെന്ന് കണക്കുകൾ പറയുന്നു.
--------------------------------------------------------------------------------------------------------------------------
ഇന്ത്യ - പാകിസ്ഥാൻ വിഭജന കാലത്തെ കണക്കുകൾ നമ്മൾ പരിശോധിക്കുകയാണെങ്കിൽ പത്തു ലക്ഷത്തോളം ആളുകൾ മരിക്കുകയും  ഒരു കോടിയിൽ അധികം ആളുകൾ അഭയാർഥികളായി പാലായനം ചെയ്തിട്ടുണ്ടെന്നും ചരിത്രം രേഖപ്പെടുത്തുന്നു. 
--------------------------------------------------------------------------------------------------------------------------

ചുരുക്കത്തിൽ പാലസ്തിനിലെ അറബ് വംശജരെ സഹായിക്കുക-യായിരുന്നില്ല അറബ് രാജ്യങ്ങളുടെ ലക്ഷ്യം എന്നുവേണം കരുതാൻ. വസ്തുതകൾ പരിശോധിക്കുകയാണെങ്കിൽ പാലസ്തിൻ എന്ന രാജ്യം രൂപീകരിക്കുന്നതിന് തടസ്സമായിട്ടു നിന്നതിന്റെയും, പലസ്തിനികൾ ഇന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെയും മൂലകാരണം അറബ് രാജ്യങ്ങളാണെന്നു വേണമെങ്കിൽ പറയാം. കാരണം

1 . അറബ് രാഷ്ട്രവും , ജൂത രാഷ്ട്രവും രൂപീകരിക്കുവാനുള്ള ഐക്യരാഷ്ട്ര സഭയുടെ നിർദ്ദേശം അറബ് സമൂഹം അംഗീകരിച്ചിരുന്നുവെങ്കിൽ പാലസ്തിൻ എന്ന രാജ്യം ബ്രിട്ടീഷ് ഭരണം അവസാനിച്ച 1948 ൽ  തന്നെ നിലവിൽ വന്നിരുന്നേനെ.

2 . 1948 ൽ നടന്ന ആദ്യത്തെ അറബ് -ഇസ്രായേൽ യുദ്ധത്തിനുശേഷം ജോർദ്ദാനും , ഈജിപ്തും അവർ കീഴടക്കിയ പാലസ്തിൻ പ്രദേശങ്ങളായ വെസ്റ്റ് ബാങ്കും  , ഗാസയും പാലസ്തിനിലെ  അറബികൾക്ക് വിട്ടു കൊടുത്തു പാലസ്തിൻ എന്ന രാജ്യം രൂപീകരിക്കാൻ അവർക്ക് കഴിയുമായിരുന്നു.
അവർ യുദ്ധത്തിന് വന്നതിന്റെ കാരണം തന്നെ പാലസ്തിൻ വിഭജിക്കാതിരിക്കുന്നതിനും, പാലസ്തിൻ എന്ന രാജ്യം സ്ഥാപിക്കുന്നതിനും  വേണ്ടിയായിരുന്നു എന്നാണല്ലോ പറയുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് അവരുടെ അധീനതയിൽ വന്ന വെസ്റ്റ് ബാങ്കും, ഗാസയും ഉൾപ്പെടുത്തി പാലസ്തിൻ എന്ന രാജ്യം രൂപീകരിക്കുന്നതിൽ നിന്നും ഈജിപ്തും, ജോർദ്ദാനും, സിറിയയും , മറ്റു അറബ് രാഷ്ട്രങ്ങളും പിന്മാറിയത് ?

--------------------------------------------------------------------------------------------------------------------------

1948  ലെ യുദ്ധത്തിനുശേഷം പലസ്തിൻറെ ഭാഗങ്ങളായ വെസ്റ്റ് ബാങ്ക്, ജോർദ്ദാൻ അവരുടെ രാജ്യത്തിന്റെ ഭാഗമാക്കി. പലസ്തീൻ പൗരന്മാർക്ക് ജോർദ്ദാൻ പൗരത്വം കൊടുക്കുകയും ചെയ്തു . ക്രമേണ പലസ്തീൻ വിമോചനത്തിനുവേണ്ടി പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (PLO) 1964 ൽ രൂപം കൊണ്ടു. ഒരു സ്വതന്ത്ര പലസ്തീൻ രൂപീകരിക്കുക എന്ന ആവശ്യം ശക്തമാവുകയും ചെയ്തു. PLO പോരാളികൾ ഇസ്രായേലിനു നേരെ ഇടയ്ക്കിടെ ആക്രമണങ്ങൾ അഴിച്ചു വിടാനും ഇസ്രായേൽ പ്രത്യാക്രമണങ്ങൾ നടത്താനും തുടങ്ങി. 1948  ലെ യുദ്ധത്തിനുശേഷം ഇസ്രയേലും അറബ് രാഷ്ട്രങ്ങളും തമ്മിൽ പലപ്പോഴും യുദ്ധങ്ങളും, ആക്രമണങ്ങളും പതിവായി. ഗോലാൻ മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ജോർദ്ദാൻ നദിയുടെ ദിശ സിറിയ തിരിച്ചു വിടാൻ ശ്രമിച്ചിരുന്നു. ഇസ്രായേലിനുള്ളിലെ പ്രദേശങ്ങളിൽക്കൂടി ജോർദ്ദാൻ നദി ഒഴുകുന്നത് തടയുകയായിരുന്നു സിറിയയുടെ ലക്ഷ്യം. സീയൂസ് കനാൽ വഴിയുള്ള  ചരക്കു കപ്പലുകൾ ഈജിപ്ത് തടയുവാൻ ശ്രമിച്ചപ്പോൾ ബ്രിട്ടനും , ഫ്രാൻസും , ഇസ്രയേലും ചേർന്ന് ഈജിപ്തിനെ ആക്രമിക്കുകയുണ്ടായി.  1956  ൽ ഈജിപ്തുമായി നടന്ന യുദ്ധത്തിൽ ഈജിപ്തിന്റെ ഭാഗമായിരുന്ന സീനായി പ്രദേശങ്ങൾ, Suez canal പ്രശ്നത്തിന്റെ പേരിൽ ഇസ്രായേൽ കയ്യേറിയിരുന്നു. ഇതിനുശേഷം മിഡിൽ ഈസ്റ്റ് മേഖല പലപ്പോഴും സംഘർഷഭരിതമായി. വെസ്റ്റ് ബാങ്കിലും, ജോർദ്ദാനിലും താവളമാക്കിയ പാലസ്തിൻ പോരാളികൾ ഇസ്രായേലിനു നേരെ ആക്രമണങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരുന്നു. ഇതിനു പ്രതികാരം ചെയ്യുവാൻ വേണ്ടി ഇസ്രായേലി ഡിഫെൻസ് ഫോഴ്സ്, വെസ്റ്റ് ബാങ്കിലെയും, ജോർദ്ദാനിലെയും പാലസ്തിൻ പോരാളികളുടെ താവളങ്ങളും ആക്രമിച്ചു. ഇതിടയിൽ 1967 ൽ അറബ് രാജ്യങ്ങളുമായി വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടു.

ഈജിപ്തും, സിറിയയും, ജോർദ്ദാനും, പലസ്തീൻ പോരാളികളും സംയുക്തമായിട്ടു വീണ്ടും ഇസ്രയേലിനെ ആക്രമിച്ചു . 1967 ൽ ജൂൺ 5 മുതൽ 10 വരെ നീണ്ടു നിന്ന യുദ്ധം സിക്സ് ഡേ വാർ എന്നറിയപ്പെടുന്നു. ഈ യുദ്ധത്തിൽ ജോർദ്ദാന്റെ നിയന്ത്രണത്തിലായിരുന്ന കിഴക്കൻ ജെറുസലേമും , വെസ്റ്റ് ബാങ്കും,  ഈജിപ്തിന്റെ കയ്യിൽ നിന്ന് ഗാസയും, സീനായ് പെനിൻസുലയും, സിറിയയുടെ കയ്യിൽ നിന്നും ഗോലാൻ കുന്നുകളും ഇസ്രായേൽ പിടിച്ചെടുത്തു.

ചുരുക്കത്തിൽ 1967-ലെ യുദ്ധത്തോടുകൂടി പാലസ്തീൻ പ്രവിശ്യകളായ വെസ്റ്റ് ബാങ്കും , ഗാസയും മുഴുവനായും ഇസ്രായേലിന്റെ അധീനതയിൽ വന്നു.
1967 ലെ സിക്സ് ഡേ വാറിനുശേഷം, വെസ്റ്റ് ബാങ്കിന്റെയും, കിഴക്കൻ ജെറുസലേമിന്റെയും , ഗാസയുടെയും നിയന്ത്രണവും ഭരണവും ഇസ്രായേൽ ഏറ്റെടുത്തപ്പോൾ  പലസ്തീൻ പോരാളികൾ (PLO )  ജോർദ്ദാനിലേക്ക് പ്രവേശിക്കുകയും ഹുസൈൻ രാജാവ് അവർക്കു അഭയം കൊടുക്കുകയും ചെയ്തു. 1967ൽ നടന്ന ഇസ്രായേൽ- അറബ് യുദ്ധത്തിനുശേഷം ജോർദ്ദാൻ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന പലസ്തീൻ വിമോചന മുന്നണി (PLO) ശക്തി ആർജ്ജിക്കുകയും, ജോർദ്ദാനിലെ ചില പ്രദേശങ്ങളിൽ PLO സമാന്തര ഭരണം നടത്തുകയും ഉണ്ടായി. ഇതിന്റെ പേരിൽ ജോർദ്ദാൻ പട്ടാളവും, പാലസ്തിൻ പോരാളികളും തമ്മിൽ പലപ്പോഴും പരസ്പരം ഏറ്റുമുട്ടലുകൾ നടന്നു.  ഇതിനിടയിൽ പാലസ്തിൻ ഫെഡയീൻസ്, ജോർദ്ദാൻ രാജാവിനെ വധിക്കാൻ ശ്രമിക്കുകയുണ്ടായി.

1970 സെപ്റ്റംബറിൽ പാലസ്തിൻ ഫെഡയീൻസ് മൂന്നു യാത്രാ വിമാനങ്ങൾ തട്ടിയെടുത്തു, ജോർദ്ദാനിലെ Dawson's ഫീൽഡിൽ ഇറക്കി. അതിനുശേഷം വിദേശീയരെ ബന്ദിയാക്കുകയും, അന്താരാഷ്ട്ര മീഡിയയുടെ മുൻപിൽ വെച്ച് തട്ടിയെടുത്ത 3 വിമാനങ്ങൾ കത്തിക്കുകയും ചെയ്തപ്പോൾ ജോർദ്ദാൻ പട്ടാളം പലസ്തീൻ പോരാളികളെ അവിടെനിന്നും തുരത്തി ഓടിച്ചു.  ഈ സംഭവം ബ്ലാക്ക് സെപ്റ്റംബർ എന്നറിയപ്പെടുന്നു.

Dawson's Field aircraft being blown up in
Zarqa by Palestinian fedayeen in front of international press, 12 September 1970

ജോർദാനിൽ നിന്നും പലസ്തീൻ പോരാളികളും അഭയാർത്ഥികളും സിറിയ വഴി സൗത്ത് ലേബനോനിലേക്ക് പ്രവേശിക്കുകയും അവിടം താവളമാക്കി പ്രവർത്തിക്കാനും തുടങ്ങി. ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന സ്ഥലപ്രദേശമാണ് ലെബനോന്റെ തെക്കൻ പ്രദേശങ്ങൾ. 1975 ഓടുകൂടി ഏകദേശം മൂന്നു ലക്ഷത്തിൽപ്പരം അഭയാർത്ഥികൾ സൗത്ത് ലെബനോനിൽ കുടിയേറി എന്നാണ് ചരിത്രം പറയുന്നത്. പിൽക്കാലത്തു ഈ അഭയാർത്ഥികൾ ലെബനൻ ആഭ്യന്തര കലാപത്തിന് (1975-1990) കാരണക്കാരായി. ജോർദ്ദാനിൽ നിന്നും ലേബനോനിലേക്ക് വന്ന അഭയാർഥികളുടെ കുടുംബത്തിൽ നിന്നും PLO തീവ്രവാദികളെ റിക്രൂട്ട് ചെയ്തു. അതിനുശേഷം ഇസ്രായേൽ ലെബനൻ അതിർത്തി മിക്കപ്പോഴും സംഘർഷഭരിതമായിരുന്നു. ലെബനൻ അതിർത്തിയിൽ നിന്നും PLO പോരാളികൾ ഇസ്രായേലിന് നേരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു കൊണ്ടിരുന്നു. ഈ സംഭവങ്ങൾ   രണ്ടുതവണ ഇസ്രായേൽ - ലെബനൻ യുദ്ധത്തിന് കാരണമാവുകയും ചെയ്തു.

തുടരും

part-2 link https://beyondthehorizone.blogspot.com/2020/02/israelpalasteinpart2.html

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം